കോഴിക്കോട്:മോഷണം പോയ മോട്ടോര്‍ ബൈക്ക് അപ്രതീക്ഷിതമായി തിരികെ കിട്ടിയതിൻ്റെ ആഹ്ളാദത്തിലാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത് അംഗമായ പ്രവീൺ. ശനിയാഴ്‌ച (ഒക്‌ടോബര്‍ 29) രാത്രിയാണ് കോഴിക്കോട് നഗരത്തില്‍ കോട്ടൂളിയിൽ വച്ച് ബൈക്ക് മോഷണം പോയത്. തിരുവണ്ണൂരിലെ പെട്രോൾ പമ്പിൽ നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ബൈക്ക് പ്രവീണിന് തിരികെ കിട്ടിയത്.
കോഴിക്കോട് കോട്ടൂളിയില്‍ വച്ച് മോഷണം പോയ ബൈക്ക് തിരിച്ചുകിട്ടിയതില്‍ ഉടമയുടെ പ്രതികരണം പമ്പില്‍ കയറിയത് വഴിത്തിരിവായി:ഞായറാഴ്‌ച (ഒക്‌ടോബര്‍ 30) രാവിലെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെത്തി വാഹന ഉടമ പരാതി നല്‍കിയിരുന്നു. ബൈക്കിന്‍റെ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഇതേ ദിവസം സുഹൃത്തുക്കളോടൊപ്പം പ്രവീൺ കാറിൽ കടലുണ്ടിയിലേക്ക് തിരിച്ചു. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി തിരുവണ്ണൂരിലെ പെട്രോൾ പമ്പിൽ കയറിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്.
പമ്പിൽ എത്തിയതും പിറകിൽ നിന്ന് അതിവേഗം വന്ന ഒരു ബൈക്ക് പെട്രോൾ നിറയ്‌ക്കാനായി കാറിന്‍റെ മുന്നിൽ കയറി. കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ പ്രവീൺ അമ്പരന്നു. നഷ്‌ടപ്പെട്ട ബൈക്ക് തൊട്ടുമുന്‍പില്‍ കിടക്കുന്നു. കാറിൽ നിന്ന് ചാടിയിറങ്ങി സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്ക് തടഞ്ഞുവച്ചെങ്കിലും പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു.
ബൈക്കിന്‍റെ പിന്നിൽ ഇരുന്ന പ്രതി പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസിനെ ഇവര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൻ്റെ പ്രിയപ്പെട്ട ബൈക്ക് വീണ്ടും തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് പ്രവീണ്‍. കോടതി നടപടികൾക്ക് ശേഷം വാഹനം വീണ്ടും ഉടമയുടെ കൈകളിലെത്തും.
പൊലീസ് പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തതോടെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ ചാടിപ്പോയിരുന്നു. എന്നാല്‍, രണ്ടുദിവസത്തിന് ശേഷം പൊലീസ് പ്രതിയെ വീണ്ടും വലയിലാക്കി. ബൈക്ക് മോഷണത്തില്‍ പ്രധാന പ്രതിയ്‌ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.