കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്‌തതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം. ഇതിനെതിരെ പ്രതിപക്ഷ മെമ്പർമാർ കോഴിക്കുഞ്ഞുങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധ പ്രകടനം നടത്തി. പത്ത് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് പഞ്ചായത്തിലെ ആയിരം ഗുണഭോക്താക്കൾക്കായി നൽകുന്നത്.
ഇതിന് 700 രൂപ ഗുണഭോക്തൃവിഹിതവും 600 രൂപ ഗ്രാമ പഞ്ചായത്തും അടക്കണം. എന്നാൽ 130 രൂപ വിലയിട്ട് ഗുണഭോക്താക്കൾക്ക് നൽകിയ കോഴിക്കുഞ്ഞുങ്ങൾക്ക് ഇതിൻ്റെ നാലിലൊന്ന് പോലും വിലയില്ലെന്നാണ് പ്രതിപക്ഷ മെമ്പർമാർ ആരോപിക്കുന്നത്. മുൻവർഷങ്ങളിലെല്ലാം ഒരു സമിതിയുണ്ടാക്കിയാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയിരുന്നതെന്നും എന്നാൽ ഇത്തവണ അതും ഉണ്ടായില്ലന്നും പ്രതിപക്ഷ മെമ്പർമാർ ആരോപിച്ചു.