കോഴിക്കോട്:കിങ്ങിണിക്കും അമ്മിണിക്കും പിറന്നാൾ ദിനത്തില്‍ സമ്മാനമായി എന്ത് കൊടുക്കുമെന്ന് ആലോചിച്ചപ്പോഴാണ് നാലാം ക്ലാസുകാരി മില്‍നയ്ക്ക് പുതിയൊരു ഐഡിയ തോന്നിയത്. പിണ്ണാക്ക് കേക്ക്...! പേര് കേട്ട് അമ്പരക്കേണ്ട... കോഴിക്കോട് തോട്ടുമുക്കത്തെ മനീഷ് തോമസിന്‍റെ വീട്ടിലെ ആട്ടിന്‍കുട്ടികളാണ് കിങ്ങിണിയും അമ്മിണിയും.
കിങ്ങിണിക്കും അമ്മിണിക്കും പിറന്നാളിന് 'പിണ്ണാക്ക് കേക്ക്'; വെറൈറ്റി ആഘോഷമൊരുക്കി നാലാം ക്ളാസുകാരി ഇക്കഴിഞ്ഞ ജനുവരി 31 നായിരുന്നു ഇരുവരുടേയും പിറന്നാള്‍. വീട്ടില്‍ എല്ലാവരുടേയും പിറന്നാൾ ആഘോഷിക്കാറുണ്ട്. എന്നാല്‍ പിന്നെ ആട്ടിൻകുട്ടികളുടെ പിറന്നാളും ആഘോഷിക്കണം.
മനീഷിന്‍റെ മകളായ മില്‍ന പിന്നെ ഒന്നും നോക്കിയില്ല. പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത്, അതില്‍ ചോക്ളേറ്റ്, പഴങ്ങള്‍ എന്നിവ ചേർത്ത് കേക്കുണ്ടാക്കി. ഫ്രിഡ്‌ജില്‍ വെച്ച് തണുപ്പിച്ച ശേഷമാണ് പുറത്തെടുത്തത്.
ALSO READ:വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ചോദ്യങ്ങളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍
ആട്ടിന്‍കുട്ടികളുടെ കാലില്‍ കത്തി പിടിപ്പിച്ചാണ് കേക്ക് മുറിച്ചത്. അതിനൊപ്പം പിറന്നാൾ ആശംസ ഗാനങ്ങളും കൂടിയായപ്പോൾ പരിപാടി കളറായി. പിറന്നാളുകാര്‍ക്കും ഒപ്പം തള്ളയാടിനും മറ്റ് ആടുകള്‍ക്കും കേക്ക് പങ്കുവെച്ചു നല്‍കി. ഇതെല്ലാം കൗതുകത്തോടെ നോക്കിനിന്ന മില്‍നയുടെ കൂട്ടുകാരി മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പിറന്നാൾ ആഘോഷം വൈറലായി.