കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ സംഘം വിട്ടയച്ചു. തട്ടിക്കൊണ്ടുപോയ സംഘം മൈസൂരുവിലാണ് ഷാഫിയെ ഉപേക്ഷിച്ചത്. മൈസൂരുവില്‍ നിന്ന് ബസിലാണ് ഷാഫി വീട്ടിലെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് ഷാഫിയെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി വരികയാണ്. എല്ലാവരും കൂടി ചതിക്കുകയായിരുന്നു എന്ന ഒരു ഓഡിയോ സന്ദേശം കൂടി ഷാഫിയുടേതായി പുറത്ത് വന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലനിന്ന ദുരൂഹതകളെല്ലാം ഉടന്‍ പുറത്ത് വരുമെന്നാണ് ലഭിക്കുന്ന സൂചന.
തട്ടിക്കൊണ്ടു പോകൽ സംഘവുമായി ഒത്തുതീർപ്പ് നടത്തിയതിന് പിന്നാലെയാണ് ഷാഫിയെ വിട്ടയച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ബന്ധുക്കളും ഇതുവരെ തയ്യാറായിട്ടില്ല. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.
കേസില്‍ അറസ്റ്റിലായ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്‌ത് വരികേയാണ് തട്ടിക്കൊണ്ടു പോയ മുഹമ്മദ് ഷാഫി തിങ്കളാഴ്‌ച വീട്ടിലെത്തിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്‌മായില്‍ ആസിഫ്, അബ്‌ദുറഹ്‌മാന്‍, ഹുസൈന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.