കോഴിക്കോട്:കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുശേഷം വിട്ടയച്ചു. ഇന്നലെ (ഏപ്രില്‍ എട്ട്) ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് പെരിങ്ങൊളത്തുവച്ച് ബൈക്ക് തടഞ്ഞുനിർത്തി ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു.
കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകള്‍ക്കകം വിട്ടയച്ചു; അഞ്ചംഗ സംഘത്തിനെതിരെ കേസ് - കുന്ദമംഗലം പൊലീസ്
ഇന്നലെ ദുബായില്‍ നിന്നും എത്തിയ പ്രവാസിയേയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയതും പിന്നാലെ വിട്ടയച്ചതും
മണിക്കൂറുകൾക്ക് ശേഷം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു.
സമാനമായ സംഭവമാണ് താമരശേരി പരപ്പൻപൊയിലില്‍ ഏപ്രില്‍ ഏഴിനുണ്ടായത്. പ്രവാസിയേയും ഭാര്യയേയും വീട്ടിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതാണ് സംഭവം. പരപ്പൻപൊയിലില്‍ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്‌ച രാത്രി 10 മണിയ്‌ക്ക് ശേഷമാണ് സംഭവം. സനിയയെ പിന്നീട് റോഡില്‍ ഇറക്കിവിട്ടു. ഷാഫിക്കായി താമരശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഷാഫിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘവുമായി അടുത്ത ബന്ധമുള്ള ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്.