കോഴിക്കോട്: കെട്ടുകണക്കിന് ക്രമക്കേടുകളുമായി കോഴിക്കോട് ജില്ല പഞ്ചായത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട്. ഓടാത്ത വണ്ടിക്ക് ഡീസലടിച്ചതിന് പുറമെ സ്‌റ്റേഷനില്ലാത്ത സ്ഥലത്ത് നിന്ന് ട്രെയിൻ യാത്ര നടത്തിയവരുമുണ്ട് ജില്ല പഞ്ചായത്തിൽ.
കൂത്താളി ജില്ല കൃഷി ഫാമിലെ പിക്കപ്പ് വാൻ ഒരു വർഷമായി ഓടിയിട്ടില്ലെന്നാണ് രേഖകൾ. എന്നാൽ 5,000 രൂപക്ക് ഡീസൽ അടിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യാനായി 22,345 രൂപയാണ് മറ്റൊരു വാഹനത്തിന് വാടകയായി അനുവദിച്ചത്.
2021 ഏപ്രിലിന് ശേഷം പ്രവർത്തിക്കാത്ത പുതുപ്പാടി സീഡ് ഓഫീസിലെ ട്രാക്‌ടറിന് 2022 ജനുവരി വരെ 400 ലിറ്റർ ഡീസലാണ് നിറച്ചത്. മുക്കാളി റെയിൽവെ സ്‌റ്റേഷനിൽ നിന്നും കോഴിക്കോട്ടേക്ക് സെക്കൻഡ് എസി കോച്ചിൽ പലതവണ യാത്ര ചെയ്‌ത വകയിൽ ഒരംഗം 10,654 രൂപയാണ് യാത്ര ബത്ത കൈപ്പറ്റിയത്. പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തുന്ന സ്‌റ്റേഷനാണ് മുക്കാളി.
എടച്ചേരിയിൽ നിന്നും കോഴിക്കോട്ടേക്ക് രണ്ട് മാസത്തെ ട്രെയിൻ യാത്ര ബത്തയായി 3906 രൂപയാണ് മറ്റൊരു അംഗത്തിന് അനുവദിച്ചത്. റെയിൽവെ സ്‌റ്റേഷൻ പോലും ഇല്ലാത്ത എടച്ചേരിയിൽ നിന്ന് യാത്രബത്തയായി കൈപ്പറ്റിയ തുക തിരിച്ച് വാങ്ങണമെന്നാണ് ഓഡിറ്ററുടെ നിർദ്ദേശം. അല്ലാത്ത പക്ഷം, തുക അനുവദിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും നിർദ്ദേശിക്കുന്നു.
പുതുപ്പാടിയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ 17 വർഷത്തിലേറെ പഴക്കമുള്ള 5 എച്ച്പി മോട്ടോർ നന്നാക്കാൻ ചെലവഴിച്ചത് 19,380 രൂപയാണ്. ഈ കമ്പനിയുടെ പുതിയ മോട്ടോറിന് 27,000 രൂപയേ വിലയുള്ളൂ എന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു.
പോത്ത് വളർത്തൽ പ്രോത്സാഹിപ്പിക്കാൻ അനുവദിച്ച 5.75 ലക്ഷം രൂപക്ക് കണക്കില്ല. ഏതൊക്കെ പഞ്ചായത്തുകൾക്കാണ് പണം അനുവദിച്ചത് എന്നതിൽ ഒരു വിവരവും ഇല്ലാത്തതുകൊണ്ട് ഓഡിറ്റർ ഇത് തടഞ്ഞിരിക്കുകയാണ്. കൂത്താളി ജില്ല കൃഷി ഫാമിലെ 6 മൂരിക്കുട്ടന്മാരെ വിറ്റ വകയിൽ കിട്ടാനുള്ള 3.12 ലക്ഷം രൂപ 20 മാസമായിട്ടും കിട്ടിയിട്ടില്ല. ഇങ്ങനെ ക്രമക്കേടുകളുടെ ഘോഷയാത്രയാണ് ജില്ല പഞ്ചായത്തിലെ ഫയലുകൾ തുറന്നപ്പോൾ കണ്ടത്.
കണക്കില്ലാതെ കള്ളക്കളി:ജില്ല കൃഷി ഫാമിൽ നിന്നും വിത്തും തൈകളും വിറ്റ വകയിൽ 69.68 ലക്ഷം രൂപയാണ് കുടിശ്ശിക. ഗുണനിലവാരമുള്ള വിത്തുകളും തൈകളും ഉൽപാദിപ്പിച്ച് വിതരണം ചേയ്യേണ്ട സ്ഥാനത്ത് ഇതെല്ലാം സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങിയാണ് വിതരണം ചെയ്തത്. ഇതിന് പുറമെ വിവിധ പദ്ധതികൾക്ക് ചെലവഴിച്ച തുകയുടെ രേഖകൾ കൃത്യമായി സൂക്ഷിച്ചിട്ടുമില്ല. സംസ്ഥാന ഓഡിറ്റ് വിഭാഗം സമർപ്പിച്ച 2020- മുതൽ 2022 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കിട്ടാനുള്ള വൻ തുകയിൽ ഒരു രൂപ പോലും ജില്ലാ പഞ്ചായത്തിലേക്ക് വന്ന് ചേർന്നിട്ടില്ല.