കോഴിക്കോട്:കൊവിഡ് രോഗികളുടെ വർധനവ് പരിഗണിച്ച് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്‌ടർ സാംബ ശിവ റാവു. സർക്കാർ- സ്വകാര്യ മേഖലകളിലെ പരമാവധി ശേഷി ഉപയോഗപ്പെടുത്താതെ തന്നെ നിലവിലുള്ള സാഹചര്യം നേരിടാനുളള ചികിത്സാ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്.
ജില്ലയിലെ കൊവിഡ് ചികിത്സാ പദ്ധതി
75000 രോഗികളെ വരെ ചികിത്സിക്കാനാവശ്യമായ മുൻ കരുതലോടു കൂടിയാണ് കൊവിഡ് ചികിത്സാ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഐസിയു, വെന്‍റിലേറ്റർ, ഓക്‌സിജൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ജില്ലാ തലത്തിൽ മുഴുവൻ സമയ വാർ റൂം ക്രമീകരിച്ചു. മെഡിക്കൽ കോളജ്, ഐ.എം.സി.എച്ച്, ബീച്ച് ആശുപത്രി, പി.എം.എസ്.എസ് വൈ ബ്ലോക്ക് എന്നീ സർക്കാർ മേഖലയിലെ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമെ മിംസ്, ഇഖ്‌റ, ബേബി മെമ്മോറിയൽ , മലബാർ മെഡിക്കൽ കോളജ് തുടങ്ങിയ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പങ്കാളികളാണ്. ഏത് ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രികളും മാസങ്ങൾക്ക് മുന്നെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് ചികിത്സാ പ്രതിരോധ നടപടികളുടെ ഏകോപനത്തിനായി കൊവിഡ് ജാഗ്രത പോർട്ടലിൽ മുഴുവൻ വിരങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
വിവിധ കൊവിഡ് ആശുപത്രികളിൽ ഉപയോഗപ്പെടുത്തുന്നതിലേക്കായി 3688 കിടക്കകൾ ഇപ്പോൾ സജ്ജമാണ്. കൂടാതെ ഓക്‌സിജൻ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. വാർ റൂമിന് പുറമേ ചികിത്സാ സൗകര്യങ്ങൾ നിരീക്ഷിക്കാനും നടപ്പിലാക്കാനും ജില്ലാ ഭരണകൂടത്തിന് കീഴിൽ ഓരോ കോഡിനേറ്റർമാരെയും ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്.