കോഴിക്കോട്: കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും (Journalist in Kozhikode) തമ്മിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. വിമതയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ കൂട്ടം ചേര്‍ന്ന് തല്ലിയതിന് (Attack on journalists) പിന്നാലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് (Kozhikode DCC) നേതാവിന്‍റെ മകള്‍. പെണ്‍കുട്ടിയെ ആക്രമിച്ചുവെന്ന് ആരോപിച്ച് 354-ാം വകുപ്പ് പ്രകാരമാണ് കേസ്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പാണ് ഇത്.
രാമനാട്ടുകര നഗരസഭാ വൈസ് ചെയർമാനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ (DCC General Secretary) സുരേഷ് കീച്ചമ്പ്രയുടെ മകളാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കസബ പൊലീസ് സാജൻ വി നമ്പ്യാർ (മാതൃഭൂമി), എം ടി വിധുരാജ് (മലയാള മനോരമ), ബിനുരാജ് (ദേശാഭിമാനി) എന്നിവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡി.സി.സി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തില്‍ നടപടിക്ക് വിധേയമായ വ്യക്തിയാണ് സുരേഷ് കീച്ചമ്പ്ര.
പ്രധാന പ്രതികള്‍ക്ക് പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍
കഴിഞ്ഞ ശനിയാഴ്ചയാണ് (നവംബര്‍ 13 2021) എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം ചേർന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പ്രധാന പ്രതിയും ചേവായൂർ ബാങ്ക് പ്രസിഡന്‍റുമായ പ്രശാന്ത് കുമാറിനെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജീവൻ തിരുവച്ചിറയെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നാണ് ഡി.സി.സി അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തൽ.