കോഴിക്കോട് : കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരുന്ന പി കെ ബീനയെയാണ് പിരിച്ചുവിട്ടത്. വിജിലൻസ് പിടിയികൂടിയത് മുതൽ സസ്പെൻഷനിലായിരുന്ന ബീന, കുറ്റക്കാരിയാണെന്ന് 2020 ജൂൺ 26ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. കേസിൽ താൻ നിരപരാധിയാണെന്ന് കാണിച്ച് ബീന ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ സമർപ്പിച്ചതിനാൽ പിരിച്ചുവിടരുതെന്ന് ബീന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ചട്ടപ്രകാരം ബീനയെ സർവീസിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു. കുറ്റക്കാരിയല്ലെന്ന് മേൽക്കോടതി വിധിച്ചാൽ സർവീസിൽ തിരിച്ചെടുക്കാമെന്ന നിബന്ധനയോടെയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.
5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു, വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറും ഏജന്‍റും പിടിയിൽ : ജൂലൈ 31ന് കെെക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറെയും ഏജന്‍റിനെയും വിജിലന്‍സിന്‍റെ പിടികൂടിയിരുന്നു. തൃശൂർ തൃപ്രയാർ സബ്. ആര്‍ ടി ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോര്‍ജ് സി എസ്, ഏജന്‍റ് അഷ്റഫ് എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായത്. തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്.
വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസാക്കാനായി പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി പരാതിക്കാരൻ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടർന്ന് ഈ അപേക്ഷ പാസാക്കണമെങ്കില്‍ കൈക്കൂലിയായി 5,000 രൂപ നൽകണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ജോർജ് ആവശ്യപ്പെട്ടു.