കോഴിക്കോട്: 'പതിനേഴ് വർഷംമുമ്പ് ഒരു പത്രപരസ്യം കണ്ടു. സ്വർണത്തേക്കാൾ വിലയുള്ള മരത്തിന്‍റെ തൈകൾ വിൽപനയ്ക്ക് എന്നായിരുന്നു തലക്കെട്ട്. പരസ്യം കണ്ടയുടനെ മനസിൽ ഉറപ്പിച്ചു, കുറച്ചു തൈകൾ വാങ്ങണമെന്ന്. അങ്ങനെ തൈകൾ വാങ്ങാൻ കൊല്ലം ജില്ലയിലെ ആര്യംകാവിലെത്തി. 110 രൂപ നിരക്കിൽ 100 തൈകൾ വാങ്ങിച്ചു.', തന്‍റെ ഊദ് കൃഷിയുടെ വിശേഷം പറഞ്ഞു തുടങ്ങുകയാണ് കോടഞ്ചേരി മൈക്കാവ് വടക്കേടത്ത് മാത്യു.
ഊദ് കൃഷിയിൽ വിജയം കൊയ്‌ത് മാത്യു അന്ന് തൈകൾ വാങ്ങിയപ്പോൾ ബന്ധുക്കൾക്കും കൂട്ടുകാർക്കും നൽകിയിരുന്നു. ബാക്കി റബ്ബർകൃഷിയിൽ ഇടവേളയെന്നോണം വിവിധ ഇടങ്ങളിൽ നട്ടു. വിളവെടുക്കാൻ പാകമായ ഊദ് മരങ്ങളെ കുറിച്ചറിഞ്ഞ് നിരവധി പേരാണ് മാത്യുവിന്‍റെ വീടന്വേഷിച്ചെത്തുന്നത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ 10 എണ്ണവും തെയ്യപ്പാറയിലെ കൃഷിയിടത്തിൽ 25 മരങ്ങളുമാണ് ഇപ്പോൾ വിളവെടുക്കാൻ പാകമായത്.
ALSO READ: പിറന്നാളാഘോഷിക്കാനെത്തിയ സംഘം അഞ്ചുരുളി ജലാശയത്തില്‍ അപകടത്തില്‍ പെട്ടു; പെണ്‍കുട്ടിയെ കാണാതായി
ഒന്നര പതിറ്റാണ്ടിനിടയിൽ 1200 ഊദ് മരങ്ങളാണ് തന്‍റെ കൃഷിയിടത്തിൽ മാത്യു നട്ടത്. ഇന്ത്യയിൽ അസമിലാണ് ഊദ് മരങ്ങൾ കൂടുതലായി കൃഷി ചെയ്തുവരുന്നത്. ആഗോളവിപണിയിൽ ഇന്ത്യൻ മരങ്ങൾക്ക് കൂടുതൽ വിപണിമൂല്യമുണ്ടെന്ന് മാത്യു പറയുന്നു. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ഊദിന്‍റെ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ഊദിന്‍റെ വിപണിമൂല്യം അറിയാതെയാണ് താൻ കൃഷി ആരംഭിച്ചതെന്നും വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ഇതിന്‍റെ പ്രാധാന്യം മനസിലായതെന്നും അദ്ദേഹം പറയുന്നു.
ഊദ് കൃഷിയിൽ വിജയം കൈവരിച്ച മാത്യു അടിയുറച്ചു പറയുന്നു, റബ്ബറിനിടയിൽ ഊദ് മരങ്ങൾ തളച്ചു വളരുമെന്ന്. വീടിനോടു ചേർന്നുള്ള കൃഷിയിടത്തിലെ റബ്ബറിനിടയിലാണ് മാത്യു ഊദ് മരങ്ങൾ വെച്ചുപിടിപ്പിച്ചത്. ഏത് അടഞ്ഞ കൃഷിയിടത്തിലും ആർക്കും ധൈര്യമായി പൊതു കൃഷി പരീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു. മാത്യുവിന്‍റെ വിളവെടുപ്പിനു പാകമായ മുഴുവൻ മരങ്ങളും റബ്ബർ തോട്ടത്തിലാണെന്നതും പുതിയ കൃഷിരീതിയുടെ സാധ്യത വർധിപ്പിക്കുന്നു. ഈർപ്പം നിലനിൽക്കുന്ന സ്ഥലങ്ങളിൽ മരത്തിന്‍റെ വളർച്ച ദ്രുതഗതിയിലാണ്. തന്‍റെ വയലിൽ നട്ട മരങ്ങൾ പെട്ടെന്ന് വണ്ണം വെച്ചതായും അദ്ദേഹം പറയുന്നു.
ഊദ് മരങ്ങൾ വിളവെടുക്കാൻ ഒരുങ്ങുകയാണ് മാത്യു. തോട്ടത്തിലെ മരങ്ങൾ മുറിച്ചെടുത്ത് വീട്ടിലെത്തിച്ച് ഊദും അത്തറും ഉണ്ടാക്കി വിപണിയിലെത്തിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണദ്ദേഹം. അസമിലെ ബ്ലാക്ക് ഡൈമൻഡ് എന്ന കമ്പനിയുമായി ചേർന്നാണ് മരത്തിന്‍റെ സംസ്കരണം നടത്താൻ ഉദ്ദേശിക്കുന്നതെന്നും മാത്യു പറയുന്നു.