കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലുകളിൽ ഏറ്റവുമധികം ദുരിതമുണ്ടായത് ചാലിയാറിന്‍റെ തീരങ്ങളിലുള്ള കുടുംബങ്ങൾക്കാണ്. പ്രളയജലമിറങ്ങി നാല് ദിവസമായിട്ടും നൂറ് കണക്കിന് കുടുംബങ്ങളാണ് സ്വന്തം വീടുകളിൽ തിരികെയെത്താന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത്. കൊടിയത്തൂർ ചെറുവാടി പുത്തലം, താഴത്ത് മുറി ഭാഗങ്ങളിലായി ഇരുനൂറിലധികം കുടുംബങ്ങൾക്കാണ് ദുരിതം. ഈ ഭാഗങ്ങളിൽ അടിഞ്ഞ് കൂടിയത് ലോഡ് കണക്കിന് എക്കൽ മണ്ണാണ്. പല സ്ഥലങ്ങളിലും മുട്ടോളം ഉയരത്തിലാണ് ചെളി അടിഞ്ഞത്.
പ്രളയജലമിറങ്ങി; വീട്ടിൽ തിരിച്ചെത്താനാവാതെ നൂറുകണക്കിന് കുടുംബങ്ങൾ - kerala flood
കൊടിയത്തൂർ ചെറുവാടി പുത്തലം, താഴത്ത് മുറി ഭാഗങ്ങളിലായി ഇരുനൂറിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പകുതിയോളം സ്ഥലത്തെ ചെളി മാറ്റാനായി. വലിയ പമ്പ് സെറ്റുകളും കലപ്പയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ചെളി മാറ്റുന്നത്.
ചെറുവാടിയിലെ വ്യാപാര മേഖലക്കും കനത്ത നഷ്ടമാണ് ഈ പ്രളയം വരുത്തിവച്ചത്. 90 ശതമാനം കടകളും വെള്ളത്തിൽ മുങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു. ഇനിയും കടകൾ വൃത്തിയാക്കി തുറന്ന് പ്രവർത്തിക്കാനായിട്ടില്ല. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്‍റെ ചെറുവാടി ഭാഗത്തെ മാത്രം പുനർനിർമിക്കണമെങ്കിൽ തന്നെ കോടികൾ ആവശ്യമായി വരുമെന്ന കാര്യത്തിൽ സംശയമില്ല.