കോഴിക്കോട്:കോഴിക്കോടിന്‍റെ രുചിക്കൂട്ടിൽ എഴുതിച്ചേര്‍ക്കപ്പെട്ട മില്‍ക്ക് സര്‍ബത്തിന്‍റെ കുളിര്‍മ അങ്ങനെയങ്ങ് അവസാനിക്കില്ല. കോടതി ഉത്തരവിന് പിന്നാലെ ഒഴിഞ്ഞ് കൊടുക്കേണ്ടി വന്ന സി.എച്ച് മേൽപ്പാലത്തിന് താഴെ പാരഗൺ ഹോട്ടലിന് സമീപമുള്ള മിൽക്ക് സർബത്ത് കട വീണ്ടും തുറക്കുന്നു. ഒഴിഞ്ഞ് കൊടുത്ത കടയുടെ തൊട്ടടുത്ത് തന്നെയാണ് സ്ഥാപകനായ കുമാരന്‍റെ മകൻ ആനന്ദൻ പുതിയ കട ആരംഭിക്കുന്നത്.
അടച്ചുപൂട്ടിയ മില്‍ക്ക് സര്‍ബത്ത് കട തിരിച്ചുവരുന്നു, ഇത്തവണ കൈകോര്‍ത്ത് മൂന്നാം തലമുറയും ഒന്നല്ല രണ്ടാണ്: ഏഴു പതിറ്റാണ്ട് മാറ്റമില്ലാത്ത രുചി വിളമ്പിയ എം.എസ് എന്ന ചുരുക്കപ്പേരിലറിയുന്ന മിൽക്ക് സർബത്ത് കോഴിക്കോടിന് ഇനിയും ആസ്വദിക്കാം. കട പൂട്ടിപ്പോയതിന്‍റെ വിഷമം മനസിലാക്കി സി.എച്ച് മേൽപ്പാലത്തിന് താഴെയുള്ള കെട്ടിട ഉടമയായ പ്രജീഷാണ് ഇതിനായി കടമുറി വിട്ടു നൽകിയത്. ഡിസംബർ ഒന്നിന് മുമ്പായി തന്നെ കട സജീവമാകും.
സ്ഥാപകരില്‍ ഒരാളായ ഭാസ്കരന്‍റെ മകൻ മുരളിയും തൊട്ടടുത്ത് തന്നെ ഒരു മിൽക് സർബത്ത് കട കൂടി ആരംഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സി.എച്ച് മേൽപ്പാലം ഇറങ്ങി ബീച്ചിലേക്ക് പോകുന്ന വഴിയിൽ റെഡ് ക്രോസ് റോഡിലാണ് പുതിയ കട ആരംഭിക്കുന്നത്. മുരളിയുടെ മകൻ കൂടി കടയിൽ സജീവമാകുന്നതോടെ കോഴിക്കോടിന്‍റെ ഹൃദയത്തില്‍ രണ്ട് മിൽക് സർബത്ത് കട ഒരുങ്ങുന്നു എന്നതിലുപരി മിൽക് സർബത്തിന്‍റെ പാരമ്പര്യം മൂന്നാം തലമുറയിലേക്ക് കടക്കുകയാണ്.
കോഴിക്കോടിന്‍റെ തനത് രുചിക്കൂട്ടില്‍ പകരംവെക്കാനില്ലാത്ത ഭാസ്കരേട്ടന്‍റെയും കുമാരേട്ടന്‍റെയും മില്‍ക്ക് സർബത്ത് കടയ്‌ക്ക് കഴിഞ്ഞ തിങ്കളാഴ്ച (14-11-22) ആണ് പൂട്ട് വീണത്. ഏഴു പതിറ്റാണ്ട്, മാറ്റമില്ലാത്ത രുചി, ഒരേ കട അങ്ങനെ കോഴിക്കോടിന്‍റെ സ്വകാര്യ അഹങ്കാരം കൂടിയാണ് അന്ന് അവസാനിച്ചത്. ഭാസ്കരേട്ടനിലും കുമാരേട്ടനിലും തുടങ്ങി മക്കളിലൂടെ വളർന്ന് പതിറ്റാണ്ടുകളോളം കോഴിക്കോട്ടെത്തുന്നവരുടെ മനം കുളിർപ്പിച്ച ഈ സർബത്ത് കടയ്ക്ക് കരയും കടലും കടന്ന പെരുമയുണ്ട്.
രാഷ്‌ട്രീയ, സാമൂഹിക, സിനിമ രംഗത്തെ നിരവധി പ്രമുഖരെ ആരാധകരാക്കിയ കോഴിക്കോടിന്‍റെ സ്വന്തം എംഎസ്, സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ സിനിമയിലും തലകാണിച്ചിട്ടുണ്ട്. 60 മുതൽ 70 ലിറ്റർ പാലാണ് ദിവസവും മിൽക്ക് സർബത്തിനായി ഉപയോഗിച്ചിരുന്നത്. നിത്യവും 40-50 ലിറ്റര്‍ സര്‍ബത്തും ചെലവായിരുന്നു. മിൽക്ക് സർബത്തിന് പുറമെ സർബത്ത്, സോഡ സർബത്ത്, ലെമണ്‍ സോഡ, കാലി സോഡ എന്നിവയും ഈ കുഞ്ഞുകടയിലുണ്ടായിരുന്നു.