കോഴിക്കോട്: ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ല ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി ചാത്തമംഗലത്തെ സർക്കാരിന് കീഴിലുള്ള പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കി. ഫാമിൽ രണ്ടു ദിവസത്തിനിടെ വിരിഞ്ഞ പതിനായിരം കുഞ്ഞുങ്ങൾ ഉൾപ്പെടെ 13,000 കോഴികളെയാണ് ഇതിനകം കൊന്നൊടുക്കിയത്.
ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഇതിനായി ആറ് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് ആര്‍ആർടി ടീമുകളെയാണ് സജ്ജീകരിച്ചിട്ടുള്ളത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, പൊലീസ്, വില്ലേജ് വാർഡ് പ്രതിനിധികൾ എന്നിവരാണ് ടീമിലുള്ളത്. കൊന്നെടുക്കിയ വലിയ പക്ഷികൾക്ക് 200 രൂപയും ചെറുതിന് 100 രൂപ വീതവുമാണ് നഷ്‌ടപരിഹാരം നൽകുക.
ഭോപ്പാലിലെ പരിശോധന ഫലം: ചത്ത കോഴികൾക്ക് പക്ഷിപ്പനിയാണെന്ന് ഭോപ്പാലിലെ നാഷ്‌ണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്ഥിരികരിച്ചത്. അതിവ്യാപന ശേഷിയുള്ള എച്ച് 5 എൻ1 വകഭേദമാണ് കണ്ടത്തിയത്. 5300 ബ്രീഡിങ്ങിനായുള്ള (പാരന്‍റ് സ്‌റ്റോക്ക്) കോഴികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിലെ രണ്ടായിരത്തോളം എണ്ണമാണ് നിലവിൽ ചത്തത്. കലിംഗബ്രൗൺ, ഗ്രാമപ്രിയ, ഗ്രാമശ്രീ, കരിങ്കോഴി ഇനങ്ങളെയും 14 ഇനം അലങ്കാരക്കോഴികളെയും ഇവിടെ നിന്ന് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.