കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. പ്രധാന പ്രതി ജോളി ജോസഫിന്‍റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറോളം രേഖകളും നാല് പ്രതികളുമാണ് കേസിലുള്ളത്. കേസെടുത്ത ശേഷം നാളെ 90 ദിവസം പൂർത്തിയാവാനിരിക്കെയാണ് ഇന്ന് 1800 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്.
കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം സമർപ്പിച്ചു - Kooodathai murder case
പ്രധാന പ്രതി ജോളി ജോസഫിന്‍റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്.

90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്തായിരുന്നു ബുധനാഴ്ച വൈകുന്നേരത്തോടെ കുറ്റപത്രം സമർപ്പിച്ചത്. കൂടത്തായി കൊലപാതക പരമ്പര കേസിൽ ഏറ്റവും ശക്തമായ തെളിവുള്ള കേസാണ് റോയ് തോമസിന്‍റെ കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, കെമിക്കൽ അനാലിസിസ് റിപ്പോർട്ടിലും സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കണ്ടെടുത്തതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിലാണ്. കൊലക്ക് കാരണമായ വ്യാജ ഒസ്യത്തും കേസിലെ പ്രധാന തെളിവാണ്. ജോളി ഒന്നാം പ്രതിയും സയനൈഡ് എത്തിച്ച് നൽകിയ എം.എസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജികുമാർ, വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ച സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന കെ മനോജ് എന്നിവരാണ് മൂന്നും, നാലും പ്രതികൾ. കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമണിന്‍റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ ഹരിദാസന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. മറ്റ് കൊലപാത കേസുകളിലെ കുറ്റപത്രവും വേഗത്തിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.