കോഴിക്കോട്:കൂളിമാട് പാലത്തിന്‍റെ തകർച്ചയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലൻസിന്‍റെ റിപ്പോർട്ട് തിരിച്ചയച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. യന്ത്ര തകരാറോ, തൊഴിലാളികളുടെ പിഴവോ ആണ് പാലം തകരാൻ കാരണമെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി തിരിച്ചയച്ചത്.
ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണോ തൊഴിലാളികളുടെ പിഴവാണോ എന്നതിൽ വ്യക്ത വേണമെന്ന് റിപ്പോർട്ട് തള്ളി മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ പിഴവാണെങ്കിൽ വിദഗ്‍ധ തൊഴിലാളുടെ സേവനം ഉറപ്പാക്കത്തതാണോ അപകടത്തിന് ഇടയാക്കിയതെന്നും സുരക്ഷ സംവിധാനങ്ങളും മുൻകരുതലും ഇല്ലാതെയായിരുന്നോ നിർമാണം നടന്നത് എന്നതിലും വ്യക്തത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂളിമാട് പാലത്തിന്‍റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ‍്‍ച പറ്റിയെന്ന് വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊതുമരാമത്ത് വിജിലൻസിൽ നിന്ന് മന്ത്രി വിശദീകരണം തേടിയത്.