കോഴിക്കോട് : കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയിൽ പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ് എഞ്ചിനീയർ ബൈജു പി.ബിയും അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ മൊഹ്സിൻ അമീനും സ്ഥലത്തുണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്തുവന്നത്. പാലത്തിന്‍റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബൈജു കലാകായിക മേളയുടെ സംഘാടനത്തിന്‍റെ ഭാഗമായി ഒരാഴ്‌ചയായി വയനാട് ബത്തേരിയിലായിരുന്നു.
മറ്റ് എഞ്ചിനീയർമാരും അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു. നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകര്‍ന്നിട്ടും ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
Also Read: കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നു
രണ്ട് ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് പാലത്തില്‍ ബീമുകള്‍ ഉറപ്പിക്കുമ്പോൾ ഒന്ന് പ്രവർത്തനരഹിതമായതാണ് പാലം തകരാൻ കാരണമായത് എന്നാണ് ഊരാളുങ്കല്‍ വിശദീകരിച്ചത്. ഈ പ്രവൃത്തി നടക്കുമ്പോൾ കരയില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവൃത്തിയില്‍ വീഴ്‌ചയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരാണ്. എന്നാൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും നിർമാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.