കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകൻ ബിഎ ആളൂരിനെ അനുവദിക്കണമെന്ന അപേക്ഷ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ആയുധമാക്കുമെന്നതിനാൽ നിയമവിരുദ്ധമായ ഈ അപേക്ഷ അനുവദിക്കരുതെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എൻകെ ഉണ്ണികൃഷ്‌ണൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി.
കൂടത്തായി കേസ്; ജോളിയുടെ സാമ്പത്തിക കാര്യങ്ങള്‍ ആളൂരിനെ ഏല്‍പ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയെന്ന് പ്രോസിക്യൂഷന്‍
സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ അഡ്വ.ആളൂരിനെ അനുവദിക്കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും കാരണമായേക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു
കൂടത്തായി കൊലപാതക പരമ്പര കേസുകൾ ജനുവരി 11ന് വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി രാഗിണി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അപേക്ഷ നൽകിയത്. ജോളിക്ക് 30 ലക്ഷത്തിന്‍റെ സാമ്പത്തിക ഇടപാടുണ്ടെന്നും നാലാം പ്രതി മനോജ് ഉൾപ്പെടെ ജോളിക്ക് പണം നൽകാനുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. അനുകൂലമായി പറയാത്ത സാക്ഷികൾക്കെതിരെ പണമിടപാട് ആരോപണവും ഭീഷണിയും ഉയർത്താൻ സാഹചര്യമുണ്ടാവുമെന്നും പ്രൊസിക്യൂഷൻ അറിയിച്ചു.
പണം തിരിച്ചുകിട്ടാനുള്ള നടപടികൾ സ്വീകരിക്കാനാണിതെന്നാണ് അഡ്വ. ആളൂർ പറഞ്ഞത്. ഇതിനായി സഹായിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അപേക്ഷ. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ മുടക്കിയതും കടം നൽകിയതുമായ പണമാണിതെന്നാണ് വാദം. നാലാം പ്രതി മനോജ് ഉൾപ്പെടെയുള്ള എട്ടുപേരുമായിട്ടാണ് സാമ്പത്തിക ഇടപാടുകൾ നടന്നത്. കൊല്ലപ്പെട്ട ടോം തോമസിന്‍റെ ഇൻഷുറൻസ് തുക സ്വന്തം സാമ്പത്തിക ഇടപാടുകൾക്ക് ജോളി ഉപയോഗിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.