കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ സാക്ഷി കൂറുമാറി. പ്രോസിക്യൂഷൻ ഭാഗം 155-ാം സാക്ഷി സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായ കമ്പളത്ത് പറമ്പ് വീട്ടിൽ പ്രവീൺ കുമാർ ആണ് കൂറ് മാറിയത്. നേരത്തേ സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി ആയിരുന്നു പ്രവീൺ. ഒന്നാം പ്രതിയായ ജോളിക്കും നാലാം പ്രതിയായ മനോജ് കുമാറിനും അനുകൂലമായാണ് പ്രവീൺ കുമാർ മൊഴി മാറ്റിയത്.
ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാർ വ്യാജ രേഖയിൽ ഒപ്പിട്ട് നൽകിയ സ്ഥലത്തേക്ക് 2019 നവംബർ മാസത്തിൽ ക്രൈം ബ്രാഞ്ച് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയം തയ്യാറാക്കിയ മഹസറിലെ സാക്ഷിയാണ് പ്രവീൺ കുമാർ. നാലാം പ്രതിയായ മനോജ് കുമാർ ചാത്തമംഗലം മുൻ പഞ്ചായത്ത് മെമ്പറും കട്ടാങ്ങൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
മനോജ് കുമാറും പ്രവീൺ കുമാറും ഒരേ സമയം ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നുവെന്നും മനോജ് കുമാറിനെ 15 വർഷമായി അടുത്തറിയാം എന്നും പ്രോസിക്യൂഷന്‍റെ ക്രോസ് വിസ്‌താരത്തിൽ പ്രവീൺ കുമാർ സമ്മതിച്ചു. 46 സാക്ഷികളെയാണ് കേസിൽ ഇതുവരെ വിസ്‌തരിച്ചത്.
14 വർഷം, ആറ് കൊലപാതകം: 2019 ലായിരുന്നു കേരളത്തെ നടുക്കിയ കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലെ 14 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ആറുപേരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും ജോളി കൊലപ്പെടുത്തിയതെന്നാണ് കേസ്. കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ആറ് കൊലപാതകങ്ങളും ജോളി നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.