കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കോടതി ഉത്തരവ്. താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വരെയാണ് ജോളിയുള്‍പ്പെടെ മൂന്നു പ്രതികളെയും ജുഡൂഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യയായ സിലിയെ വധിച്ച കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി.
കൂടത്തായി; ജോളിയും കൂട്ടാളികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ - koodathayi jolly news
കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്ലിലായ മുഖ്യ പ്രതി ജോളി, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരുടെ ജാമ്യപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കോടതി ഒരു ദിവസത്തേക്ക് ഇവരെ റിമാന്‍ഡില്‍ വിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ അപേക്ഷയിൽ താമരശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് സിലിയെ വധിച്ച കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി നൽകിയത്. അതിനിടെ സിലിയുടെ കൊലപാതക കേസിൽ രണ്ടാം പ്രതി എം എസ് മാത്യുവിനെ കൂടി അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ശനിയാഴ്ച കോടതിയുടെ അനുമതി തേടും.
താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ വച്ച് സിലിക്ക് ജോളി സയനൈഡ് വെള്ളത്തില്‍ കലക്കി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൂട്ടക്കൊലയിലെ രണ്ടാമത്തെ കേസിലാണ് ജോളി അറസ്റ്റിലാവുന്നത്.
ആവശ്യമെങ്കില്‍ സിലിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊലീസ് വരും ദിവസങ്ങളില്‍ ജോളിയെ കസ്റ്റഡിയിലെടുത്തേക്കും.
അതേസമയം ജോളിയുടെ സുഹൃത്തായ റാണി വടകര റൂറല്‍ എസ്പി ഓഫീസില്‍ ഹാജരായി. എൻഐടിക്ക് സമീപം തയ്യൽക്കട നടത്തിയിരുന്ന റാണി ജോളിയുമായി നിൽക്കുന്ന ഫോട്ടോകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റാണിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കൂടത്തായി കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്‍റെ യോഗം വെള്ളിയാഴ്ച രാവിലെ ചേര്‍ന്നു. കോഴിക്കോട് കാപ്പാട് ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. കൂടത്തായി കൂട്ടക്കൊലയില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ അന്വേഷണസംഘം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.