കോഴിക്കോട്:ലോകകപ്പ് കഴിയും വരെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളുടെ കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ. രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളുടെ പിന്തുണ നഗരസഭയ്ക്ക് ഇക്കാര്യത്തിലുണ്ട്. പാരിസ്ഥിതിക പ്രശ്‌ന പരാതി അടിസ്ഥാനരഹിതമാണെന്നും കൗൺസിലർ എപി മജീദ് പറഞ്ഞു.
' താരങ്ങള്‍ പുള്ളാവൂര്‍ പുഴയില്‍ തന്നെയുണ്ടാവും'; കട്ടൗട്ടുകള്‍ മാറ്റില്ല, കലക്‌ടറുടെ നിര്‍ദേശം തള്ളി കൊടുവള്ളി നഗരസഭ - കൊടുവള്ളി നഗരസഭ കൗൺസിലർ എപി മജീദ്
കട്ടൗട്ടുകള്‍ മാറ്റേണ്ടെന്ന തീരുമാനത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ പിന്തുണച്ചുവെന്ന് കൊടുവള്ളി നഗരസഭ കൗൺസിലർ എപി മജീദ്.
കട്ടൗട്ടുകള്‍ കണ്ട് മുഖ്യമന്ത്രി വരെ അഭിനന്ദിയ്‌ക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. മറ്റനേകം പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനക്കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്. ഫിഫയും ചിത്രം നല്‍കി അനുമോദിച്ചിട്ടുണ്ട്. കൊടുവള്ളിയിലെ ജനങ്ങള്‍ ഈ വിഷയത്തില്‍ ഒന്നിച്ചാണ് നില്‍ക്കുന്നതെന്നും കൗൺസിലർ എപി മജീദ് വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ചാണ് കോഴിക്കോട് പുള്ളാവൂർ പുഴയിൽ ലയണല്‍ മെസി, നെയ്‌മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. കട്ടൗട്ടുകള്‍ മാറ്റാന്‍ ജില്ല കലക്‌ടര്‍ കൊടുവള്ളി നഗരസഭയ്‌ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇവ നീക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.