കോഴിക്കോട്:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലോകോത്തര നിലവാരമുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ . പ്രൈമറിതലം മുതൽ മെഡിക്കൽ കോളജ് വരെ ഈ മാറ്റം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒടുവിലായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടെലി കൊബാള്‍ട്ട് മെഷീന്‍, രണ്ടാമത് കാത്ത് ലാബ്, മില്‍ക്ക് ബാങ്ക്, റസിഡന്‍സ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 5.37 കോടി രൂപ ചെലവിലാണ് രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചത്. റേഡിയോ തെറാപ്പി വിഭാഗത്തില്‍ സ്ഥാപിച്ച ടെലി കൊബാള്‍ട്ട് മെഷീന്‍ അര്‍ബുദരോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും.
ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് വിദഗ്‌ധ ചികിത്സക്കായി സൗകര്യങ്ങളൊരുക്കുന്നതിന് 99 ലക്ഷം രൂപ ചെലവില്‍ ഹൈഡിപ്പന്‍റൻസ് യൂണിറ്റ് ആരംഭിക്കുകയാണ്. ഇതിന്‍റെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 11 ലക്ഷം രൂപയും ഉപകരണങ്ങള്‍ വാങ്ങുന്നതിന് 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 38.6 ലക്ഷം രൂപയ്ക്കാണ് മില്‍ക്ക് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.സൂപ്പര്‍ സ്പെഷ്യാലിറ്റി, സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി, മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന സ്‌കൈ വാക്ക് പദ്ധതിയും നടപ്പാക്കുന്നുണ്ട്. 2.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഒരു കോടി രൂപ ബിപിസിഎലിന്‍റെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കും. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കും. 15 കോടി രൂപ ചെലവില്‍ പുതിയ പരീക്ഷാഹാളും നിര്‍മിക്കും. 12 കോടി രൂപ ചെലവില്‍ റസിഡന്‍സ് ക്വാട്ടേഴ്സ് നിര്‍മാണവും പൂര്‍ത്തീകരിച്ചു.