കോഴിക്കോട്: 'ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല' നയം വ്യക്തമാക്കി വീണ്ടും സിപിഎം. പിണറായി 'വിജയ'ത്തിൻ്റെ ക്രെഡിറ്റ് പിണറായിക്ക് തന്നെ മതിയെന്ന് പാർട്ടി 'തീരുമാനിച്ചിരിക്കുന്നു'. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ നിയമസഭയിലേക്ക് എത്തിയ കെ.കെ ശൈലജയെ മന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ സിപിഎം ഉയർത്തി കാണിക്കുന്നത് പുതിയ ടീമിനെ. ആരോഗ്യ മന്ത്രി എന്ന നിലയിൽ ലോക പ്രശസ്തയായ ശൈലജയെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താൻ ഇനി ഒരു മാർഗ്ഗവും തെളിയില്ല. അതിനായി ഇടപെടേണ്ട കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ അത്തരമൊരു അജണ്ടയാണ് കേരള പാർട്ടിയും ഉയർത്തി കാണിച്ചത്. തുടർച്ചയും പുതുമയും എന്ന ആശയം. എന്നാൽ ഈ ആശയത്തെ തിരുത്തി ശൈലജയെ ഉൾക്കൊള്ളിക്കാൻ കെൽപ്പുള്ള കേന്ദ്ര നേതൃത്വവും നിലവിലില്ല എന്നത് യാഥാർത്ഥ്യവും. നേരത്തെ മത്സര രംഗത്ത് നിന്ന് വിഎസ് അച്യുതാനന്ദനെ കേരള ഘടകം മാറ്റി നിർത്തിയപ്പോൾ കേന്ദ്ര കമ്മിറ്റി പ്രത്യേക യോഗം ചേർന്ന് തീരുമാനം തിരുത്തിച്ചത് പോലെ ഒരു സംഭവവും ഇതിൽ നടക്കില്ലെന്ന് സാരം.
ALSO READ: സിപിഐ മന്ത്രിമാരെ നിശ്ചയിച്ചു: നാല് പേരും പുതുമുഖങ്ങള്‍
എന്താണ് കെകെ ശൈലജയുടെ കാര്യത്തിൽ സംഭവിച്ചത്? മന്ത്രി പദത്തിൽ മിന്നിത്തിളങ്ങിയപ്പോഴും ശൈലജയ്ക്ക് പാർട്ടി പല തവണയും കടിഞ്ഞാണിട്ടിരുന്നു. അത് തനിയ്ക്ക് മേലെ തൻ്റെ ടീമിലെ ഒരാൾ ഉയർന്ന് പോകുന്നതിലെ പിണറായി വിജയൻ്റെ അസ്വസ്തതയായി ചിലർ വ്യഖ്യാനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ 'വിജയേട്ടാ' എന്ന് അഭിസംബോധന ചെയ്തപ്പോൾ അതിനെ പിണറായി പരസ്യമായി തിരുത്തിയതും ഒരു വേള കേരളം കണ്ടതാണ്. തൻ്റെ പ്രവർത്തന മികവ് കൊണ്ട് ശൈലജ കൂടുതൽ അംഗീകരിക്കപ്പെടുമ്പോഴും പാർട്ടി അതിൻ്റെ തനത് ശൈലിയിൽ തന്നെ മുന്നോട്ട് പോയി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് അത് വലിയ ചർച്ചയുമായി.