കോഴിക്കോട്: ഓണത്തിരക്കിലേക്ക് ഖാദി ഗ്രാമോദ്യോഗ് എംപോറിയവും. 30 ശതമാനം റിബേറ്റിലാണ് ഖാദി ഉത്പന്നങ്ങൾ വിൽക്കുന്നത്. പുത്തൻ വസ്ത്രങ്ങളുടെ വൈവിധ്യമാർന്ന മോഡലുകളാണ് വിൽപ്പനയിലുള്ളത്. കുപ്പടം മുണ്ടും വിവിധ തരം സാരികളെല്ലാം വിപണിയിലുണ്ട്. ഒപ്പം കൊവിഡിനെ പ്രതിരോധിക്കാൻ പുത്തൻ മാസ്ക്കുകളും.
ഓണക്കാലത്ത് വൈവിധ്യങ്ങള്‍ നിറച്ച് ഖാദി വിപണി
കൊവിഡിനെ പ്രതിരോധിക്കാൻ പുത്തൻ മാസ്ക്കുകളും വിവിധ തരം സാരികളും വിവിധ ഇനം മുണ്ടുകളും കരകൗശല വസ്‌തുക്കളും വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ഖാദി
പയ്യന്നൂർ പട്ട്, ജൂട്ട് സിൽക്ക്, പ്രിന്‍റഡ് സാരി, മണിയൂർ സിൽക്ക്, കോട്ടൺ തുടങ്ങിയ സാരികളാണ് പ്രധാന ആകർഷണം. 1320 മുതൽ 11,000 രൂപവരെ വിലയുള്ള സാരികൾ വിൽപ്പനയ്ക്കുണ്ട്. കുപ്പടം മുണ്ടുകൾക്ക് ഇത്തവണയും പ്രിയം ഏറെയാണ്. 731 രൂപയാണ് വില. പച്ച, കാവി, മെറൂൺ, ആഷ് എന്നീ നിറങ്ങളിൽ ലഭിക്കും. 318 രൂപയുടെ സിംഗിൾ മുണ്ട് മുതൽ 1440 രൂപ വരെയുള്ള ഡബിൾ മുണ്ട് വരെ വിൽപ്പനയ്ക്കുണ്ട്. മനില ഷർട്ട് തുണികൾക്ക് 243 മുതൽ 290 രൂപ വരെയാണ് വില. പോപ്പളിൻ തുണികളും വിൽപ്പനയിൽ ഉണ്ട്. മാസ്ക്കുകൾക്ക് 15 മുതൽ 30 രൂപവരെയാണ് വില. ഖാദി തുണിത്തരങ്ങൾക്കു മാത്രമാണ് 30 ശതമാനം വിലക്കുറവ്.
തേക്കിലും വീട്ടിയിലും ചന്ദനത്തിലും മഹാഗണിയിലും തീർത്ത കരകൗശലവസ്‌തുക്കളും ബ്രാസിലും വൈറ്റ് മെറ്റലിലും വിവിധ ലോഹ ങ്ങളിലും നിർമ്മിച്ച വിഗ്രഹങ്ങളും ബേക്കറി ഉൽപ്പന്നങ്ങൾ, മൺപാത്രങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, ലെതർ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരവും ഇവിടെയുണ്ട്. 10 ശതമാനമാണ് വിലക്കുറവ്. വിപണനമേള 30ന് സമാപിക്കും.