കോഴിക്കോട്:കേരള വഖഫ് ബോർഡ് ചെയർമാനായി പി.എസ്.സി മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ കൂട്ടായി എതിർക്കാൻ സമസ്ത. സക്കീറിനെ നിയമിക്കുന്നതിനെതിരെ സമസ്ത മുഷാവറ അംഗം ബഹാവുദ്ദീൻ നദ്‌വി പരസ്യമായി രംഗത്തെത്തിയിരുന്നു. മതബോധമില്ലാത്തയാളെ ചെയർമാനാക്കുന്നത് വിശ്വാസികളെ അപഹസിക്കലാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ബഹാവുദ്ദീൻ നദ്‌വിയുടെ നിലപാട്: പൊതുവെ ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ചും വഖഫ് നിയമങ്ങളെക്കുറിച്ചുള്ള സവിശേഷമായും കൃത്യമായും പരിജ്ഞാനമുള്ളവര്‍ക്കായിരിക്കണം വഖഫ് ചുമതലകള്‍ ഏല്‍പിക്കപ്പെടേണ്ടത്.
മത വിഷയങ്ങളില്‍ അറിവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിത രീതികളുമുള്ള വ്യക്തികള്‍ വഹിച്ചിരുന്ന കേരളത്തിലെ വഖഫ് ചെയര്‍മാന്‍ പദവിയില്‍ മതവിശ്വാസികളാല്ലത്തവരെയും ദൈവത്തെ തള്ളിപ്പറയുന്നവരെയും നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്. ഇടതുമുന്നണി നടത്തുന്നത് സമുദായ വഞ്ചനയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
സമസ്തയിലെ ഇടത് അനുകൂലകരുടെ നീക്കത്തെ എന്നും ശക്തമായി എതിർക്കുന്ന വ്യക്തിയാണ് ബഹാവുദ്ദീൻ നദ്‌വി എന്നാൽ പിണറായി വിജയൻ സർക്കാരിനോട് അടുപ്പം പുലർത്തുന്ന സമസ്തയിലെ മുഷാവറ അംഗങ്ങളും സക്കീറിനെ നിയമിക്കുന്നതിൽ എതിര്‍പ്പ് പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. മതവിശ്വാസിയല്ലാത്ത മതാചാരം അനുവർത്തിക്കാത്ത ഒരു വ്യക്തിക്ക് ആ പദവിയിൽ ഇരിക്കാൻ അർഹതയില്ലെന്ന സമസ്തയുടെ നിലപാട് വരും ദിവസങ്ങളില്‍ കൂടുതല്‍ ചർച്ചകൾക്ക് വഴിതെളിക്കുമെന്നുറപ്പാണ്.