കോഴിക്കോട് :ഒഴുകിയെത്തിയ കലാസ്വാദകരെ സാക്ഷിയാക്കി ശ്രാവസ്‌തി വേദിയെ ഇളക്കിമറിച്ച് നാടൻപാട്ട് മത്സരം. 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ 20ാം വേദിയായ ടൗണ്‍ ഹാളിലെ ശ്രാവസ്‌തിയിലായിരുന്നു മത്സരം. മത്സരാർഥികൾക്കൊപ്പം കാണികളും ആടിയും പാടിയും കൈയടിച്ചും ഒപ്പം ചേർന്നു.
നാടൻപാട്ടിന്‍റെ ഈരടികൾക്കൊപ്പം വാദ്യോപകരണങ്ങളുടെ താളമേളം കൂടിയായപ്പോൾ മത്സരം ആവേശത്തിൽ മുങ്ങുകയായിരുന്നു. കാണികൾ കൈയടിച്ചും ഭാവങ്ങൾ വിരിച്ചും പ്രതിഭകൾക്ക് പ്രോത്സാഹനമേകിക്കൊണ്ടിരുന്നു. കേരളത്തിലെ ഓരോ പ്രദേശത്തും നിലനിന്നിരുന്ന ഭാഷയിൽ ഉണ്ടായിട്ടുള്ള ശീലുകളാണ് നാടൻപാട്ടുകൾ. ഇവ ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയേയും സംസ്‌കാരത്തേയും പ്രതിനിധാനം ചെയ്യുന്നു.