കോഴിക്കോട്: 2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. കേരള ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വച്ചാണ് ഇയാൾ പണം വാങ്ങിയത്. 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി ഇയാള്‍ കൈപ്പറ്റി.
എന്നാൽ തന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയാണ് ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വച്ചത്. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്. ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി വില്‍പന കേന്ദ്രത്തില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്. ഫലം വരുന്നതിന് ഒരാഴ്‌ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയത്.
ടിക്കറ്റ് വാങ്ങിയതാരാണെന്ന് കച്ചവടക്കാരന് ഓർമയുണ്ടായിരുന്നില്ല. വിഷു ബമ്പർ ലോട്ടറി ഫലം വന്നതിന് പിന്നാലെ നാടൊന്നാകെ ആ ഭാഗ്യവാനാര് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. എന്നാൽ ദിവസങ്ങളും ആഴ്‌ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല.
നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം പണം വാങ്ങി മടങ്ങുകയും ചെയ്‌തു. നേരത്തെ തിരുവനന്തപുരത്ത് ബമ്പറടിച്ച വ്യക്തിക്കുണ്ടായ ദുരനുഭവത്തിൽ നിന്ന് രക്ഷപ്പെടാനാണ് പേര് വിവരങ്ങൾ മറച്ചുവച്ചത് എന്നാണ് വിവരം.
ഏജൻസി കമ്മീഷനായ 10 ശതമാനവും 30 ശതമാനം മറ്റ് നികുതികളുമടക്കം 40 ശതമാനം കഴിഞ്ഞുള്ള തുകയാണ് ഒന്നാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്കാണ് ലഭിക്കുന്നത്. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറുപേർക്ക് ലഭിക്കും. VA 214064, VB 770679, VC 584088, VD 265117, VE 244099, VG 412997 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. 5 ലക്ഷം വീതം ആറ് പേർക്കാണ് നാലാം സമ്മാനം. VA 714724, VB 570166, VC 271986, VD 533093, VE 453921, VG 572542 എന്നീ നമ്പറുകളാണ് നാലാം സമ്മാനത്തിന് അർഹമായ നമ്പറുകൾ. രണ്ട് ലക്ഷം രൂപ വീതം ആറ് പേർക്കാണ് അഞ്ചാം സമ്മാനം. VA 359107, VB 125025, VC 704607, VD 261086, VE 262870, VG 262310 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനത്തിന് അർഹമായത്.
ഇത്തവണ 300 രൂപയായിരുന്നു വിഷു ബമ്പർ ടിക്കറ്റിന്‍റെ വില. 42 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. നേരത്തെ 10 കോടി രൂപയായിരുന്നു വിഷു ബമ്പറിന്‍റെ ഒന്നാം സമ്മാനത്തുക.