കോഴിക്കോട്:സംസ്ഥാന സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10ന് കലോത്സവം ഉദ്‌ഘാടനം ചെയ്യും. സിനിമാതാരം ആശ ശരത് വിശിഷ്‌ടാതിഥിയായിരിക്കും. മത്സരം നടത്താൻ വേണ്ട തയ്യാറെടുപ്പുകൾ പ്രോഗ്രാം കമ്മിറ്റി ആരംഭിച്ചു.
സ്‌കൂൾ കലോത്സവത്തിനായി ഒരുങ്ങി കോഴിക്കോട്; ഇനി കലയുടെ പോരാട്ട ദിനങ്ങൾ
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഇനി വേണ്ടത് എല്ലാവരുടെയും സഹകരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി
കലോത്സവത്തിൻ്റെ രജിസ്‌ട്രേഷൻ ഇന്ന് രാവിലെ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വാഹനം പാലക്കാട് നിന്നും പുറപ്പെട്ടു കഴിഞ്ഞു. കലോത്സവത്തിൻ്റെ ഭക്ഷണപന്തൽ സജ്ജമാണ്. കലോത്സവ ഭക്ഷണ പന്തലിൻ്റെ ഉദ്‌ഘാടനം വൈകീട്ട് മന്ത്രി വീണ ജോർജ് നിർവഹിക്കും.
പരാതിയില്ലാത്തതും പരിഭവവുമില്ലാത്ത മേള നടത്താൻ എല്ലാവരുടെയും സഹകരണം വേണമെന്ന് മന്ത്രി അഭ്യർഥിച്ചു. 239 ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച് പഠനം നടത്തിയ ശേഷം മാനുവൽ പരിഷ്‌കരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.