കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും. വലിയ ജനാവലി മുഖ്യവേദിയിൽ ഇന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടാതെ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടകം, കഥാപ്രസംഗം, പ്രസംഗം, ദഫ്‌മുട്ട്, പൂരക്കളി, നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, പഞ്ചവാദ്യം തുടങ്ങിയ മത്സര ഇനങ്ങളും ഇന്ന് വിവിധ വേദികളിലായി നടക്കും.
ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്. 221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിൻ്റുള്ള തൃശൂർ നാലാമതാണ്. 60 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.