കോഴിക്കോട് : കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം നടന്നതിന് ശേഷമുണ്ടായ ഉടച്ചുവാർക്കൽ 'വലതുകാലിലെ മന്ത് ഇടത് കാലിലേക്ക്' മാറ്റിയത് പോലെയായി. മുന്‍പ് രണ്ടുപേര്‍ ചേർന്ന് എല്ലാം തീരുമാനിച്ചപ്പോൾ അടച്ച് അക്ഷേപിച്ചവർ ഇന്ന് നേതൃസ്ഥാനത്ത്.
അവസരം മുതലെടുത്ത് അവരിപ്പോള്‍ അടച്ചാക്ഷേപിക്കുന്നു. പതിവുപോലെ തിരിച്ചടിക്കലും ചാവേറായി വന്നവരെ പുറത്താക്കലും. അവസരം നോക്കിയുള്ള വല്ലാത്ത ചെയ്‌ത്തുകള്‍ രാഷ്ട്രീയ പാർട്ടികളിൽ പുതുമയുള്ളതല്ല.
പരസ്യ പ്രസ്‌താവനയും വിഴുപ്പലക്കലും ഉണ്ടാകാതിരിക്കണമെങ്കില്‍ കോൺഗ്രസ് തന്നെ ഇല്ലാതാകണം എന്ന് പല നിരീക്ഷകരും പറഞ്ഞതിനെ അടിവരയിടാം.
എങ്കിലും ഇപ്പോൾ നടന്ന ഡിസിസി പുനസംഘടനയെ ഒന്നിരുത്തി വായിച്ചാൽ യഥാർഥത്തിൽ ലാഭം ആർക്കാണ്. കരുണാകരൻ ആന്‍റണി ഗ്രൂപ്പിസത്തിന് ശേഷം, എല്ലാം മതിയാക്കി കേന്ദ്രത്തിലെ 'ഉന്നതങ്ങളി'ലേക്ക് എകെ ആന്‍റണി പറന്നുയർന്നപ്പോൾ ആ ഗ്രൂപ്പിന്‍റെ പിൻതലമുറക്കാരനായി നേതാവായ വ്യക്തിയാണ് ഉമ്മൻചാണ്ടി.
മക്കൾ രാഷ്ട്രീയത്തിന് വലിയ പ്രാധാന്യം കൊടുക്കാൻ കരുണാകരൻ മുതിർന്നപ്പോൾ മറ്റുള്ളവര്‍ മുതിർന്നില്ല. കരുണാകരന് കോൺഗ്രസ് വിടേണ്ടിയും വന്നു.
അവിടെ ഉദയം കൊണ്ട കരുണാകരന്‍റെ ശിഷ്യൻ ചെന്നിത്തല ഉമ്മൻചാണ്ടിക്ക് എതിരാളിയായി. എതിരാളിക്കൊരു പോരാളി എന്ന നിലയിൽ രണ്ടുപേരും അടരാടിയപ്പോൾ എല്ലാം വീതംവച്ചു.
ഉമ്മൻ-ചെന്നി തന്ത്രം വിലപ്പോയില്ല
'കടിച്ച് കീറുന്ന' സ്നേഹ പ്രകടനത്തിനിടയിലും ഭരണത്തിലേറാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു. എന്നാൽ സോളാർ എന്ന ഇടിത്തീ ഉമ്മൻചാണ്ടിയുടെ പ്രഭ കെടുത്തി. പിണറായി വിജയന് ചരിത്ര തുടർ ഭരണം സമ്മാനിച്ചതിലൂടെ രമേശ് ചെന്നിത്തലയും മൂലയിലായി.
അങ്ങനെയാണ് തലമുറമാറ്റം എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ആ ഉടച്ചുവാര്‍ക്കല്‍ ഉണ്ടായത്. യഥാർഥത്തിൽ ഇതിനിടയിൽ ഉണ്ടായ സംഭവ വികാസങ്ങളാണ് ഡിസിസി പുനസംഘടനയിൽ പ്രതിഫലിച്ചത്.
അതിന് വളംവച്ച് കൊടുത്തത് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമാണെന്ന് നിസംശയം പറയാം. സംസ്ഥാന കോൺഗ്രസിൽ ഇതുവരെയില്ലാത്ത പ്രതിസന്ധി ഉടലെടുത്തത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടുകൂടിയാണ്.
എന്ത് പോരായ്മ വന്നാലും ഒന്നായി നിന്ന് ഹൈക്കമാന്‍റിന്‍റെ കണ്ണിൽ പൊടിയിടാനുള്ള ഉമ്മൻ-ചെന്നി തന്ത്രം വിലപ്പോയില്ല എന്നതാണ് യഥാര്‍ഥ്യം.
അതിന് വിലങ്ങുതടിയായത് സുധാകരനോ സതീശനോ അല്ല, പകരം ഉമ്മൻചാണ്ടിയിൽ നിന്നും ചെന്നിത്തലയിൽ നിന്നും രക്ഷയില്ലാതെ ഇവിടെ നിന്ന് ഹൈക്കമാന്‍ഡില്‍ രക്ഷതേടിയവരും അവിടെ വേരുറപ്പിച്ചവരുമാണ്.
അതിൽ ഒന്നാം സ്ഥാനത്താണ് കെ സി വേണുഗോപാൽ, കേരളത്തിലേക്ക് വന്നാൽ പിടി തോമസ്, എംകെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, എപി അനിൽകുമാർ. ഇതിൽ കൂടുതലും കെ സി വേണുഗോപാലിന്‍റെ ആശീർവാദത്തോടെ നടന്ന നിയമനങ്ങളാണ്.
കൂടെ നിർത്തി ഒരുമിച്ചാണ് പോക്ക് എന്ന പ്രതീതി ഉണ്ടാക്കിയാണ് സുധാകരനിലൂടേയും സതീശനിലൂടെയും കെസി സഞ്ചരിക്കുന്നത്. കൂട്ട തിരിച്ചടികൾ ഉണ്ടാവാതിരിക്കാൻ നേരത്തേ പറഞ്ഞ ജനപ്രതിനിധികളായ നേതാക്കളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.