നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതൻമാർ ജയിച്ചു കയറിയ മണ്ഡലം. മുസ്ലീംലീഗിന്‍റെ ശക്തികേന്ദ്രം. മിനി കൂപ്പർ, സ്വർണക്കടത്ത് വിവാദങ്ങൾ നിറഞ്ഞുനിന്ന കൊടുവള്ളി ഇത്തവണയും രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധാ കേന്ദ്രമാണ്. 1977 ൽ തുടങ്ങിയ വിജയകുതിപ്പിൽ മണ്ഡലത്തിൽ മുസ്ലീംലീഗിന് അടിതെറ്റിയത് രണ്ട് തവണ മാത്രം. 2006ലും 2016 ലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തിൽ അവസാന ലാപ്പിലാണ് ലീഗിന് കൊടുവള്ളി നഷ്‌ടമായത്. കഴിഞ്ഞ തവണ 573 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിൽ നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കാൻ ലീഗിറങ്ങുമ്പോള്‍ ഒപ്പം കൂടിയ മണ്ഡലത്തെ വീണ്ടും ചുവപ്പിക്കാൻ എൽഡിഎഫ് അരയും തലയും മുറുക്കി പോരാട്ടം കടുപ്പിക്കുമെന്ന് ഉറപ്പാണ്.
മണ്ഡലത്തിന്‍റെ ചരിത്രം
ചരിത്രത്തിൽ ഏറിയ പങ്കും വലതിനോട് കൂറ് പുലർത്തിയ മണ്ഡലമാണ് കൊടുവള്ളി. രണ്ട് തവണ മാത്രം ചെങ്കൊടി പാറിയ കൊടുവള്ളിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത് 1957 ലാണ്. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി എം ഗോപാലൻകുട്ടിയെ ഇരു കയ്യും നീട്ടി സ്വീകരിച്ച മണ്ഡലം 1960 ലും ഗോപാലൻകുട്ടിക്ക് തന്നെ ടിക്കറ്റ് നൽകി. 77 ൽ 55.70 ശതമാനം വോട്ടുകളുമായി മിന്നുന്ന വിജയം നേടിയ ഇ.അഹമ്മദ് മണ്ഡലത്തിൽ ലീഗിന്‍റെ അടിത്തറ പാകി. 1980 ലും 82 ലും പിവി അഹമ്മദിലൂടെ മണ്ഡലം പച്ചപുതച്ചു. 87 ൽ ലീഗിന്‍റെ പിഎം അബൂബക്കറിലൂടെ മണ്ഡലം ഒരിക്കൽ കൂടി വലതിനൊപ്പം. 91 ൽ വീണ്ടും പോരാടാൻ ഇറങ്ങിയ പിവി അഹമ്മദിനോടും മണ്ഡലം കൂറ് പുലർത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 96 ൽ അവസാന നിമിഷം മണ്ഡലം വലതിന്‍റെ ലീഗ് സ്ഥാനാർഥി പിബി മോയിൻ കുട്ടിക്ക് അനുകൂല വിധിയെഴുതി. യുഡിഎഫ് തരംഗം സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച 2001 ൽ ലീഗ് സ്ഥാനർഥി സി മമ്മൂട്ടി കൊടുവള്ളിയിൽ വലതിനായി മിന്നുന്ന വിജയം നേടി. എന്നാൽ 2006ൽ കാര്യങ്ങൾ മാറി മറിഞ്ഞു. ലീഗ് പാളയത്തിൽ നിന്ന് ഇടത്തേക്ക് ചേക്കേറിയ പിടിഎ റഹീം മണ്ഡലത്തിൽ ചെങ്കൊടി ഉയർത്തി. ലീഗിന്‍റെ ഉരുക്ക് കോട്ടയിൽ ആദ്യ വിള്ളൽ വീണപ്പോൾ യുഡിഎഫ് കോട്ടയിൽ അങ്കത്തിനിറങ്ങിയ കോൺഗ്രസ് നേതാവ് കെ മുരളീധരന് പരാജയം സമ്മതിക്കേണ്ടി വന്നു. 2011ൽ വിഎം ഉമ്മറിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. എന്നാൽ 2016 ൽ കാര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. ഇടത് കൂടാരത്തിലേക്ക് ചേക്കേറിയ മുൻ ലീഗ് നേതാവ് കാരാട്ട് റസാഖിലൂടെ മണ്ഡലം വീണ്ടും ഇടതിനൊപ്പം.
മണ്ഡലത്തിലെ രാഷ്ട്രീയം
ലീഗിന്‍റെ ഉരുക്ക് കോട്ടയിൽ ഇക്കുറിയും വിള്ളൽ വീഴ്ത്തമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 2016 ൽ പിടിച്ചെടുത്ത മണ്ഡലം കൈവിട്ടു പോകുന്നത് ഇടതിന് ചിന്തിക്കാനാവില്ല. അതുകൊണ്ട് തന്നെ 2016 ൽ കൊടുവള്ളി പിടിച്ച ഇടത് സ്വതന്ത്രൻ കാരാട്ട് റസാഖിന് തന്നെയാണ് മുന്നണി ഇത്തവണയും അവസരം നൽകിയിരിക്കുന്നത്. എന്നാൽ സംസ്ഥാനമൊട്ടാകെ ചുവന്ന തദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കാഞ്ഞത് മുന്നണിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. നിലവിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും യുഡിഎഫിന്‍റെ കയ്യിലാണ്. പാളയത്തിനുള്ളിലെ പടല പിണക്കങ്ങളാണ് എൽഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി. സിറ്റിങ് എംഎൽഎക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കൊടുവള്ളി ലോക്കൽ കമ്മിറ്റിയിലെ ചില അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജി വെച്ചതോടെയാണ് മുന്നണിക്കുള്ളിലെ പൊരുത്തക്കേടുകൾ മറ നീക്കി പുറത്തുവന്നത്. വിഭാഗീയതകൾ പോര് മുറുക്കുമ്പോഴും പോരാടി നേടിയ മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ മുഴുവൻ തന്ത്രങ്ങളും മുന്നണി പുറത്തെടുക്കുമെന്നതിൽ തർക്കമില്ല.