കോഴിക്കോട് :അച്ചടക്ക ലംഘനത്തിന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട സി കെ മാധവൻ മാസ്റ്ററെ അനുസ്‌മരിക്കുന്ന ചടങ്ങില്‍ പാര്‍ട്ടി എതിര്‍പ്പ് അവഗണിച്ച് പങ്കെടുത്ത് കെഇഎൻ കുഞ്ഞഹമ്മദ്. ആർഎംപി നേതാക്കളടക്കം സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഎം സഹയാത്രികനായ കെഇഎൻ പങ്കെടുത്തത്. തേഞ്ഞിപ്പാലം ഒലിപ്രംകടവിലായിരുന്നു പരിപാടി.
ഇടത് ചിന്തകനും വിമർശകനുമായ ഡോ ആസാദിൻ്റെ പിതാവാണ് സി കെ മാധവൻ മാസ്റ്റർ. മാധവൻ മാസ്റ്ററുടെ മകളുടെ ഭർത്താവാണ് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. പാർട്ടിയിലെ നയവ്യതിയാനത്തിനെതിരെ ശബ്‌ദമുയർത്തിയതിനാണ് സി കെ മാധവൻ മാസ്റ്ററെ സിപിഎം പുറത്താക്കിയത്.
സി കെ മാധവൻ മാസ്റ്ററുടെ അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്ത് കെഇഎൻ ആദ്യകാല സിപിഎം നേതാക്കൾ നൽകിയ സംഭാവനകൾ പലരും മറന്നുപോകുന്നുവെന്നായിരുന്നു പരിപാടിയിൽ കെഇഎന്നിൻ്റെ വിമർശനം. പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ തനിക്ക് സിപിഎമ്മിൽ നിന്ന് സമ്മർദമുണ്ടായിരുന്നുവെന്ന് കെഇഎൻ ഇടിവി ഭാരതിനോട് പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പരിപാടിയിൽ പങ്കെടുക്കുന്നതിന് സിപിഎം ആരെയും വിലക്കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി. മലപ്പുറം ജില്ല കമ്മിറ്റി ആ തരത്തിൽ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.