കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ഇൻഡോർ എസ്കലേറ്റർ മേൽപാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11.35 കോടി രൂപ ചെലവഴിച്ച് രാജാജി റോഡിൽ നിർമിച്ച എസ്കലേറ്റർ കം ഫുട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ് സ്റ്റാൻ്റിനും ഇടയിലാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ശിലാഫലകം അനാഛാദനം ചെയ്തു.
കേരളത്തിലെ ആദ്യത്തെ ഇൻഡോർ എസ്കലേറ്റർ മേൽപാലം നാടിന് സമർപ്പിച്ചു - കൊച്ചി മെട്രോ റെയിൽ കോർപറേഷൻ
കൊച്ചി മെട്രോ റെയിൽ കോർപറേഷന്‍റെ നിർമാണ ചുമതലയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്.
റോഡിൽ നിന്ന് ആറരമീറ്റർ ഉയരത്തിലുള്ള മേൽപ്പാലത്തിന്‍റെ വീതി മൂന്ന് മീറ്ററും നീളം 25.37 മീറ്ററുമാണ്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഇരുവശങ്ങളിലുമായി 1140 ചതുരശ്ര അടി സ്ഥലം അനുവദിച്ചിട്ടുണ്ട്. ലിഫ്റ്റ് ഒരേസമയം 13 പേർക്കും എസ്കലേറ്റർ മണിക്കൂറിൽ 11,700 പേർക്കും നടപ്പാലം മണിക്കൂറിൽ 300 പേർക്കും ഉഫയോഗിക്കാം. കൊച്ചി മെട്രോ റെയിൽ കോർപറേഷന്‍റെ നിർമാണ ചുമതലയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. പാലമുപയോഗിക്കാതെ ആളുകൾ റോഡിലൂടെ മറുവശത്തേക്ക് കടക്കുന്നത് ഒഴിവാക്കാൻ റോഡിൽ കമ്പിവേലിയും സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്ര നഗരകാര്യ മന്ത്രി ഹർദിസ് പുരി ആശംസ അറിയിച്ചു. ജില്ല കലക്ടർ എസ്.സാംബശിവറാവു ഐഎസ്, ഡപ്യൂട്ടി മേയർ മീര ദർശക്, എം.കെ.രാഘവൻ എം.പി, എ.പ്രദീപ് കുമാർ എംഎൽഎ, എംകെ മുനീർ എംഎൽഎ, സിറ്റി പൊലിസ് കമ്മിഷണർ എവി ജോർജ് എന്നിവർ പങ്കെടുത്തു.