കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് ഹൈക്കമാന്‍റിന് മുന്നിലേക്ക് ബയോഡേറ്റ അഥവാ ജാതകം അയക്കുന്ന പരിപാടി നിർത്തിയെന്ന് കോൺഗ്രസ് വക്താവ് കെ.സി അബു. മുൻപൊക്കെ ബയോഡേറ്റ അയച്ചിരുന്നെങ്കിലും തുടർന്ന് മറ്റ് ശ്രമങ്ങളൊന്നും നടത്താറില്ലായിരുന്നു. എന്നാൽ ഈ തവണ തിരുവനന്തപുരത്തും ഡൽഹിയിലും പോയി നേതാക്കളെ നിരന്തരം കണ്ടു, മാറി മാറി കണ്ടു. തന്നെ കാണാതായിപ്പോയതിന്‍റെ പേരിൽ തള്ളപ്പെടരുതെന്ന് കണക്കാക്കിയാണ് നേതാക്കളെ നിരന്തരം കണ്ടത്.
സ്ഥാനാർഥി നിർണയത്തിലെ പരിഭവം മാറാതെ കെ.സി അബു - കോൺഗ്രസ്
വടകരയിലും നാദാപുരത്തും 1991ലും 1996 ലും മത്സരിച്ച് തോറ്റതാണ് അബുവിന്‍റെ തെരഞ്ഞെടുപ്പ് മത്സര ചരിത്രം.
സാധ്യത പട്ടികയിൽ പേര് വന്നപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ സ്ഥിതി പഴയതുപോലെ തന്നെ. ഇടം കിട്ടിയില്ല. അബു പറയുന്നു. ഉത്സവ പറമ്പിലെ ചെണ്ട കേട്ട് കോമരം ഉറഞ്ഞ് തുള്ളുന്നത് പോലെയാണ് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ആവേശത്തിൽ ജാതകം തയ്യാറാക്കി അയക്കുന്നത്. ഇനി അത് ഉണ്ടാകില്ല. അതേ സമയം ബയോഡേറ്റ നോക്കാതെ അന്വേഷണമോ ആലോചനയോ വന്നാൽ സ്വീകരിക്കും. സ്ഥാനാർത്ഥി ആകാൻ പറ്റാത്തതിന്‍റെ പരിഭവത്തിൽ മുടി മുണ്ഡനം ചെയ്ത് പ്രതിഷേധിക്കണമെന്നുണ്ടായിരുന്നു. എന്നാൽ തലയിൽ മുടി ഇല്ലാത്തത് കൊണ്ട് അതിന് മുതിർന്നില്ലെന്നും അബു പറഞ്ഞു.
ഇടതിന്‍റെ ഉറച്ച മണ്ഡലങ്ങളായ വടകരയിലും നാദാപുരത്തും 1991ലും 1996 ലും മത്സരിച്ച് തോറ്റതാണ് അബുവിന്‍റെ തെരഞ്ഞെടുപ്പ് മത്സര ചരിത്രം. കഴിഞ്ഞ തവണ കുന്ദമംഗലത്തിറങ്ങാൻ പോസ്റ്ററടിച്ച് തയ്യാറായി നിന്നപ്പോഴാണ് ടി. സിദ്ദിഖിന് നറുക്ക് വീണത്. പിന്നാലെ ഡിസിസി പ്രസിഡന്‍റ് സ്ഥാനവും ഒഴിഞ്ഞ് കൊടുക്കേണ്ടി വന്ന അബു നിലവിൽ കോൺഗ്രസിന്‍റെ വക്താവാണ്. സ്ഥാനാർഥി ചർച്ച തകൃതിയായി നടക്കുന്നതിനിടെയാണ് അബുവിനെ പുതിയ സ്ഥാനത്ത് പിടിച്ച് ഇരുത്തിയത്.