കോഴിക്കോട്: നമ്മൾ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റികിന്‍റെ ദൂഷ്യഫലത്തിന്‍റെ ആഴം എത്രത്തോളമുണ്ടെന്നറിയാൻ ഒന്ന് ബേപ്പൂർ പുലിമുട്ടിലെത്തിയാല്‍ മതി. ഇവിടെയുണ്ട് പ്ലാസ്റ്റിക് വസ്തുക്കൾ ജീവനെടുത്ത മീനുകളുടെ കല്ലറകൾ. നാം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ എത്ര ജീവനുകള്‍ ഇല്ലാതാക്കിയെന്നും അവ എത്ര വിലപ്പെട്ടതായിരുന്നുവെന്നും മനസിലാക്കിയാല്‍ മാത്രമേ പ്ലാസ്റ്റിക് വലിച്ചെറിയുന്ന സ്വഭാവം മനുഷ്യർ ഉപേക്ഷിക്കുകയുള്ളൂ എന്ന ആശയത്തില്‍ നിന്നാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജീവജാലങ്ങളുടെ വംശനാശത്തിന് പ്ലാസ്റ്റിക് കാരണമാകുമെന്ന അവബോധം ജനങ്ങളിലുണ്ടാവാൻ വേണ്ടിയാണ് കയാക്കിങ് ക്ലബ്ബായ ജെല്ലി ഫിഷ് മറൈൻ സെമിത്തേരി ഉണ്ടാക്കിയിരിക്കുന്നത്.
മറൈൻ സെമിത്തേരി പണിത് ജെല്ലി ഫിഷ് കയാക്കിങ് ക്ലബ്ബ്
പ്ലാസ്റ്റിക്, ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാകുമെന്ന അവബോധം ജനങ്ങളിലുണ്ടാവാൻ വേണ്ടിയാണ് കയാക്കിങ് ക്ലബ്ബായ ജെല്ലി ഫിഷ് മറൈൻ സെമിത്തേരി ഉണ്ടാക്കിയിരിക്കുന്നത്.കേരളത്തിലെ ആദ്യ മറൈൻ സെമിത്തേരിയാണിത്.
കടലിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കാരണം വംശനാശം സംഭവിച്ചതും എണ്ണം ഗണ്യമായി കുറഞ്ഞതുമായ എട്ട് മീനുകളുടെ കല്ലറകളാണ് തുറമുഖ വകുപ്പിന്‍റെയും, ആകാശ് റെയിൻസൺ, ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണത്തോടെ ജെല്ലി ഫിഷ് നിർമിച്ചത്. സീ ഹോഴ്‌സ്, പാരറ്റ് ഫിഷ്, ലതർ ബാക്ക് ടർട്ടിൽ, ഈഗിൾ റേസ്, സോ ഫിഷ്, സീബ്ര ഷാർക്ക്, ദുഗോംഗ്, ഹാമർ ഹെഡ് ഫിഷ്, കേരളത്തിലെ ശുദ്ധജല മത്സ്യമായ മിസ് കേരള എന്നീ മീനുകൾക്കാണ് കല്ലറ പണിത്തത്.
200 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമിച്ച എട്ട് കല്ലറകൾ കാണുമ്പോൾ പ്ലാസ്റ്റിക് അലക്ഷ്യമായി ജനങ്ങൾ ഉപേക്ഷിക്കില്ലെന്നാണ് തുറമുഖ വകുപ്പിന്‍റെയും പ്രതീക്ഷ. ജനങ്ങൾക്ക് ഇത്തരം തിരിച്ചറിവുണ്ടാകാൻ ചില കാര്യങ്ങൾ നേരിട്ട് കാണണം എന്നതും വാസ്തവമാണ്. അപകടമാണെന്ന അറിവുണ്ടായിട്ടും പ്ലാസ്റ്റിക് വലിച്ചെറിയുന്ന ജനങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇതിലും നല്ല മാർഗമില്ലെന്നാണ് അധികൃതരും പറയുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു മറൈൻ സെമിത്തേരി എന്ന സാങ്കൽപ്പിക സെമിത്തേരി ഉണ്ടാക്കുന്നത്. ബേപ്പൂരിലെത്തുന്നവർ ആശയം ഉൾക്കൊണ്ട് മറൈൻ സെമിത്തേരിയിൽ നിന്ന് ഫോട്ടോയും എടുത്താണ് മടങ്ങുന്നത്.