കോഴിക്കോട്: പ്രായത്തെ വെല്ലുന്ന നടന ചാരുത, നൂറാം വയസിലും പിഴയ്‌ക്കാത്ത ചുവടുകൾ, ജീവിതമാകെ കലാജീവിതത്തിനായി മാറ്റി വച്ച നിഷ്‌കളങ്കതയുടെ ആൾരൂപം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. ഇന്ന് പുലർച്ചെ 4.45ന് ചേലിയയിലുള്ള വീട്ടിലായിരുന്നു അന്ത്യം.
കലാലോകത്തേക്ക് കടന്നു വരാൻ നിരവധി തടസങ്ങൾ ഉണ്ടായിരുന്ന കാലത്ത് നൃത്തം പഠിക്കാനായി രംഗത്തിറങ്ങിയ വ്യക്തിയാണ് കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസിൽ വാരിയംവീട്ടിൽ നാടക സംഘത്തിന്‍റെ "വള്ളിത്തിരുമണം" എന്ന നാടകത്തോടെ രംഗപ്രവേശം നടത്തിയ കുഞ്ഞിരാമൻ നായർ പിന്നീട് നൃത്തകലയിൽ ആകൃഷ്ടനാകുകയും ചേലിയ ഗ്രാമത്തിൽ നിന്ന് കീഴ്‌പയ്യൂരിലെ പഠന കേന്ദ്രത്തിലേക്ക് ഒളിച്ചോടുകയുമായിരുന്നു. അമ്മയുടെ കൈയിൽ നിന്നും അൻപത് പൈസ മോഷ്‌ടിച്ചെടുത്തായിരുന്നു ആ യാത്ര. അവിടെ ചവിട്ടി തുടങ്ങിയ ചുവടുകൾ പിന്നീട് കഥകളിയിലേക്ക് എത്തിച്ചേരുകയായിരുന്നു. നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പ്രകടനം കാഴ്‌ച വച്ച ഗുരു 1977-ൽ മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം ചേർന്ന് പൂക്കാട് കലാലയം സ്ഥാപിച്ചു. തുടർന്ന് 1983ൽ സ്വന്തം പ്രദേശമായ ചേലിയയിൽ കഥകളി വിദ്യാലയവും നിർമിച്ചു. കഥകളിയുടെ ഉന്നമനത്തിനായി തുടങ്ങിയ സ്ഥാപനത്തിൽ നിരവധി പേരാണ് ഇപ്പോഴും പരിശീലനം നടത്തുന്നത്.