കരിപ്പൂരിലും കൊണ്ടോട്ടിയിലും കനത്ത മഴ, പലയിടത്തും ആളുകൾ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍. രാത്രി 7.40. കരിപ്പൂർ വിമാനത്താവളത്തോട് ചേർന്ന് വലിയ ശബ്‌ദത്തോടെ എന്തോ ഒന്നു തകർന്നു വീഴുന്നു. വിമാനത്താവളം അടങ്ങുന്ന പ്രദേശം കണ്ടെയ്‌ൻമെന്‍റ് സോൺ ആയിരുന്നിട്ടും കൊണ്ടോട്ടിക്കാരുടെ മനസ് പതറിയില്ല. രാത്രിയും തണുപ്പും മഴയും മറന്ന് ഓടിയെത്തിയെങ്കിലും ആദ്യം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ഹൃദയം തകരുന്ന കാഴ്‌ച. മൂന്നായി പിളർന്നു കിടക്കുന്ന വിമാനം. തകർന്ന വിമാനം ഏത് നിമിഷവും കത്തിപ്പടരാം. പക്ഷേ അതൊന്നും ആ നിമിഷം കൊണ്ടോട്ടിക്കാർ ചിന്തിച്ചില്ല. കൺമുന്നില്‍ നിലവിളി മാത്രം. അവിടെ സ്വന്തം ജീവനല്ല, അന്യന്‍റെ ജീവനാണ് വില. മുന്നില്‍ തകർന്നു കിടക്കുന്നത് വന്ദേഭാരത് മിഷന്‍റെ ഭാഗമായി എത്തിയ വിമാനം ആണെന്ന് അറിഞ്ഞതോടെ കൊവിഡ് രോഗ ഭീതി. പക്ഷേ ജീവനു വേണ്ടിയുള്ള നിലവിളി കേൾക്കുമ്പോൾ എന്ത് കൊറോണ, കനത്ത മഴയില്‍ പലരുടേയും മാസ്‌ക് നഷ്‌ടമായി. ആദ്യം എയർപോർട്ട് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും നാട്ടുകാർ തള്ളിക്കയറിയാണ് ഓരോ ജീവനും കയ്യിലെടുത്തത്.
സാമൂഹിക അകലമെന്ന കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറന്ന് എയർപോർട്ട് ജീവനക്കാർക്കൊപ്പം രക്ഷാപ്രവർത്തനം. ആംബുലൻസിന് കാത്ത് നില്‍ക്കാതെ നാട്ടുകാരുടെ വാഹനങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക്. കൊവിഡാണ് സൂക്ഷിക്കണമെന്ന് വിളിച്ചു പറയുന്നവർ തന്നെ പരിക്കേറ്റവരെയും എടുത്ത് കൊണ്ട് സ്വന്തം വാഹനങ്ങളിലേക്ക് ഓടുകയാണ്.
ആദ്യം കൊണ്ടോട്ടിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും. അപ്പൊഴേക്കും അപകട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞവർ അപകട സ്ഥലത്തേക്ക്. ഒരു നാട് മുഴുവൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
ഈ നാട് ഇങ്ങനെയാണ്, ഈ മനസാണ് കേരളത്തിന്‍റെ കരുത്ത് " തകർന്ന വിമാനത്തിലെ കോക്‌പിറ്റില്‍ കയറുമ്പോൾ സഹപൈലറ്റിന് ജീവനുണ്ടായിരുന്നു. രക്ഷപെടുത്താൻ ആവുന്നത്ര ശ്രമിച്ചു എന്നും രക്ഷാപ്രവർത്തകനായ ആസിഫ് കൊണ്ടോട്ടി പറഞ്ഞു". മൂന്ന് കുട്ടികളേയും രണ്ട് സ്ത്രീകളേയും രക്ഷപെടുത്താനായതിലെ സന്തോഷവും ആസിഫ് പങ്കുവെച്ചു.
കുന്നിന് മുകളില്‍ നിന്ന് താഴേക്ക് കുത്തി നില്‍ക്കുന്ന വിമാനത്തിന്‍റെ നടുഭാഗത്തുണ്ടായിരുന്നവരെയാണ് ആദ്യം രക്ഷപെടുത്തിയത്. പരിക്കേറ്റവരുമായി ഓരോ വാഹനവും കോഴിക്കോട്ടേക്ക് പോകുമ്പോൾ കിട്ടിയ വാഹനങ്ങളില്‍ നാട്ടുകാരും ആശുപത്രികളിലേക്ക് കുതിച്ചു. അപകടത്തില്‍ പെട്ട ബന്ധുക്കളെ തേടിയവരെക്കാളേറെ പരിക്കേറ്റവർക്ക് സഹായവുമായി എത്തിയവരാണ് അധികവും. മലപ്പുറത്തിനൊപ്പം കോഴിക്കോടിന്‍റെ മനസും അവർക്കായി കുതിച്ചു. കോഴിക്കോട്ടെ ആശുപത്രികളുടെ രക്ത ബാങ്കുകൾക്ക് മുന്നില്‍ രക്തം നല്‍കാൻ എത്തിയവരുടെ നീണ്ട നിര. എന്തിനും സന്നദ്ധരായ ചെറുപ്പക്കാർ. സർക്കാർ സംവിധാനങ്ങൾക്ക് മുന്നേ ഒരു നാട് ഒന്നാകെ അപകടത്തെ നേരിടുന്ന കാഴ്‌ചയ്ക്കാണ് കരിപ്പൂർ മുതല്‍ കോഴിക്കോട് വരെ സാക്ഷിയായത്. മരണ സംഖ്യ കുറയ്ക്കാൻ കഴിഞ്ഞതും അതിവേഗതയിലുള്ള രക്ഷാപ്രവർത്തനം കൊണ്ടു മാത്രമാണ്. കരിപ്പൂരില്‍ നിന്ന് ഓരോ വിമാനം പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴും ഓർമയില്‍ മറയുന്ന കാഴ്‌ച, മൂന്നായി പിളർന്ന എയർഇന്ത്യ വിമാനമാകും. ഇനിയൊരിക്കലും ഇങ്ങനെയൊരു കാഴ്‌ചയ്ക്ക് അവസരമുണ്ടാകരുതേ എന്ന പ്രാർഥന മാത്രമാണ് ഇവർക്കുള്ളത്. ഇനി അവർ പോകേണ്ടത് പതിനാല് ദിവസത്തെ ക്വാറന്‍റൈനിലേക്കാണ്. കാരണം കൊവിഡിനെ കേരളം ഒറ്റമനസോടെ നേരിടുകയാണ്. രക്ഷാ പ്രവർത്തനത്തിന് എത്തിയവരെല്ലാം ക്വാറന്‍റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു കഴിഞ്ഞു. " അവരില്‍ ദിവസക്കൂലിക്കാരുണ്ട്. ചെറിയ കട നടത്തിയ ഉപജീവനം നടത്തുന്നവരുണ്ട്. പതിനാല് ദിവസത്തെ ക്വാറന്‍റൈൻ പലരുടേയും ജീവിതം പ്രതിസന്ധിയിലാക്കും. പക്ഷേ അവർ കൊവിഡിനെ ഭയപ്പെട്ടില്ല, രക്തബാങ്കിന് മുന്നില്‍ നില്‍ക്കുമ്പോൾ സമയം പാതിരയാണെന്ന് നോക്കിയില്ല. പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന് അവർ രക്ഷാ പ്രവർത്തനം നടത്തി".സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന വാക്കുകളാണിത്.
രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് ആദ്യമെത്തിയത് ആരോഗ്യമന്ത്രി കെകെ ശൈലജയാണ്. രക്തദാനത്തിന് എത്തിയവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക അഭിനന്ദനം. പ്രളയത്തിലും കൊവിഡിലും കാണിച്ച അതേ ഒത്തൊരുമ മലയാളി കരിപ്പൂരിലും കാണിച്ചു. അപകട സമയത്ത് മതവും ജാതിയും മറന്ന് ഇറങ്ങിയവർക്ക് അഭിനന്ദനം. ഇത് കേരള മോഡലാണെന്നാണ് ശശി തരൂർ എംപി പറഞ്ഞത്. കൊവിഡിനെ ഭയപ്പെടാതെ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ബിഗ് സല്യൂട്ട് എന്നാണ് ഓസ്‌കാർ ജേതാവ് റസൂല്‍പൂക്കുട്ടി ട്വിറ്ററില്‍ പറഞ്ഞത്. നടൻമാരായ സണ്ണി വെയ്‌ൻ, വിനയ് ഫോർട്ട്, നടി സുരഭി ലക്ഷ്മി എന്നിവരും സാമൂഹിക മാധ്യമങ്ങളിലൂടെ രക്ഷാപ്രവത്തകർക്ക് അഭിനന്ദനവുമായെത്തി.
നല്ല വാക്കുകൾക്ക് നന്ദി. അഭിനന്ദനങ്ങളില്‍ ഇവർ അഭിരമിക്കുന്നില്ല. കൊണ്ടോട്ടിക്കാർക്കും കോഴിക്കോട്ടുകാർക്കും സമയം കളയാനില്ല. മഴ പേമാരിയായി തകർത്തു പെയ്യുകയാണ്. നേരം പുലർന്നു. ഇനി നേരിടേണ്ടത് പ്രളയത്തെയാണ്. അതിജീവനത്തിന്‍റെ എല്ലാ സാധ്യതകളും തേടുകയാണ് കേരളം. രണ്ട് പ്രളയത്തെ നേരിട്ട നാടാണിത്. കൊവിഡിനെ പടരാതെ പിടിച്ചു നിർത്തിയ മനസാണിത്. അഭിമാനത്തോടെ കേരളം...