കോഴിക്കോട്: രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന് ശനിയാഴ്‌ച ഒരാണ്ട് തികയുകയാണ്. ഒരു വർഷം പിന്നിടുമ്പോഴും ഇരയായവരുടെ ദുരിത ജീവിതത്തിന് മാറ്റമില്ല.
അപകടത്തിൽ പരിക്കേറ്റ മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസയ്ക്ക് ദുബായിൽ ആയിരുന്നു ജോലി. മകളുടെ കല്യാണത്തിനായി നാട്ടിലേക്ക് മടങ്ങിയത് വന്ദേ ഭാരത് മിഷന്‍റെ, അപകടം സംഭവിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ.
Read More: കരിപ്പൂർ വിമാനാപകടം : നാട് നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്, പരിക്കേറ്റവരോട് വാക്കുപാലിക്കാതെ സര്‍ക്കാരുകള്‍
പരിക്കേറ്റ ഹംസയ്ക്ക് 15 ദിവസത്തിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. അപകട സമയം എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഹംസയെ തിരിച്ചറിയാന്‍ വൈകിയിരുന്നു.
കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലെ നഴ്‌സ് ആണ് ടിവിയിൽ പാസ്പോർട്ട് ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതെന്ന് ഹംസ പറയുന്നു.
കരിപ്പൂർ വിമാന അപകടം; നഷ്ടപരിഹാരം ലഭിക്കാതെ ജീവിതം ദുരിതത്തിൽ അപകടത്തിൽ നട്ടെല്ലിനും തോളിനും ഗുരുതര പരിക്കേറ്റ ഹംസയ്‌ക്ക് മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. 13 വർഷം ദുബായില്‍ ഹോട്ടൽ ജീവനക്കാരനായിരുന്നു.
ഭാര്യയും നാല് പെണ്‍മക്കളും അടങ്ങുന്നതാണ് ഹംസയുടെ കുടുംബം. ഒരു മകളുടെ വിവാഹം മാത്രമാണ് നടന്നത്. കുടുംബത്തിന്‍റെ ഏക ആശ്രയം ഹംസയുടെ വരുമാനം മാത്രമായിരുന്നു.
ജോലി ചെയ്യാനാകാതെ വന്നതോടെ ജീവിതം ബുദ്ധിമുട്ടിലായെന്ന് ഹംസ പറയുന്നു. അപകടത്തെ തുടർന്ന് ലഭിക്കാനുള്ള ഇൻഷുറൻസ് തുക ഇതുവരെ പാസായിട്ടില്ല. തുക എന്ന് ലഭിക്കുമെന്ന് ഹംസയ്‌ക്ക് അറിയില്ല. സംഭവത്തിന് ശേഷം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ യാതൊരു സഹായവും ലഭിച്ചില്ലെന്നും ഹംസ പറയുന്നു.
നഷ്‌ടപരിഹാരത്തുക ലഭിച്ചത് 75 പേർക്ക്
അപകടത്തിൽ 165 പേർക്കാണ് പരിക്കേറ്റത്. പകുതിയോളം പേർക്ക് നഷ്ടപരിഹാരം നൽകിയെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കുന്നു. പരിക്കേറ്റവരിൽ 122 പേരും മരിച്ച ഒരാളുടെ കുടുംബവുമാണ് നഷ്ടപരിഹാരത്തിന് ബന്ധപ്പെട്ടത്.
ഇതിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. ചികിത്സ പൂർത്തിയായ ശേഷം ബന്ധപ്പെടാമെന്നാണ് ഇവർ വിമാനക്കമ്പനിയെ അറിയിച്ചത്. ബാക്കിയുള്ളവർക്കാണ് നഷ്ടപരിഹാരം സംബന്ധിച്ച് വാഗ്ദാന പത്രമയച്ചത്.
ബാക്കിയുള്ളവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. മരിച്ച 18 പേരും പരിക്കേറ്റവരിൽ 25 പേരും യു.എ.ഇ ആസ്ഥാനമായ നിയമ സ്ഥാപനത്തെയും പരിക്കേറ്റ ബാക്കി 18 പേർ അമേരിക്ക ആസ്ഥാനമായ നിയമ സ്ഥാപനത്തെയുമാണ് നഷ്ടപരിഹാരത്തിനായി ചുമതലപ്പെടുത്തിയത്.