കോഴിക്കോട്: കരിപ്പൂർ വിമാനപകടത്തിന്‍റെ ദുരന്തമുഖത്ത് നിന്നും തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയയെങ്കിലും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് അഷറഫ്. വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നാദാപുരം ഇയ്യങ്കോട്ടേ മൂടോറ അഷറഫ് (36) ആണ് വേദന കടിച്ചമർത്തി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നത്. വിമാന അപകടം അഷറഫിന്‍റെ ചെറിയ കുടുംബത്തിന്‍റെ താളം തെറ്റിച്ചിരിക്കുകയാണ്.
കരിപ്പൂർ വിമാനാപകടം; ജീവൻ തിരിച്ച് കിട്ടിയെങ്കിലും വഴിമുട്ടിയ ജീവിതവുമായി അഷറഫ് - വഴിമുട്ടിയ ജീവിതവുമായി അഷറഫ്
കരിപ്പൂരിലെ വിമാനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട അഷ്റഫ് എന്ന നാദാപുരം സ്വദേശിയുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
പഴയ വീട് പുതിക്കിപണിയുകയെന്ന സ്വപ്ന യാഥാര്‍ത്ഥ്യത്തിനായി ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു അഷറഫ്. എന്നാൽ വിധി അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ തകർത്തെറിയുകയായിരുന്നു. അപകടം നടന്ന് ആറ് മാസമായിട്ടും ചികിത്സ തുടരുകയാണ്. വലത് കാലിന്റെ തുടയെല്ലുകൾ പൊട്ടുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്ത അഷറഫിന് അഞ്ച് ശസ്ത്രക്രിയകൾ വേണ്ടിവന്നു ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍. വിമാനത്തിൽ മുൻ നിരയിൽ മൂന്നാമത്തെ സീറ്റിലായിരുന്നു യാത്ര. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ അബോധാവസ്ഥയിലായ അഷ്റഫിന് രണ്ടാഴ്ച്ച വേണ്ടി വന്നു ബോധം തിരിച്ച് കിട്ടാൻ.
2020 ഓഗസ്റ്റ് 7 ലെ അപകടത്തിന് ശേഷം ഇന്ന് വരെ ശരിക്ക് നടക്കാൻ കഴിഞ്ഞിട്ടില്ല. കാൽപാദത്തിന്‍റെ പരിക്ക് അത്രയും ഗുരുതരമാണ്. ദുബായിൽ കഫ്റ്റീരിയ തൊഴിലാളിയായ അഷറഫ് അപകടത്തെ തുടർന്ന് ശാരീരിക അവശതയിലായതോടെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ കമ്പനിയും തയ്യാറെടുത്ത് കഴിഞ്ഞു. വിമാന കമ്പനിയിൽ നിന്നുള്ള ചികിത്സാ സഹായം കൊണ്ട് മാത്രമാണ് ഇത് വരെ പിടിച്ച് നിന്നത്. ഇൻഷുറൻസ് തുകയോ സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളോ ഇത് വരെ ലഭിച്ചിട്ടില്ല.