കോഴിക്കോട് : 'കാന്താര' സിനിമയിലെ 'വരാഹരൂപം' ഗാനത്തിന്‍റെ പകര്‍പ്പവകാശ കേസില്‍ സിനിമയുടെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂര്‍ എന്നിവരെ ഇന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യും. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 10 മണി മുതൽ ഒരു മണി വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം എന്നതാണ് കോടതി നിർദ്ദേശം.
ഇന്നലെ ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നെങ്കിലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇന്ന് മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കോപ്പിറൈറ്റ് സംബന്ധമായ മുഴുവൻ രേഖകളും ഹാജരാക്കാൻ ഇരുവിഭാഗത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പരാതിയിൽ പറയുന്ന പ്രകാരം നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഡിസിപി കെ ഇ ബൈജു പറഞ്ഞു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലാണ് ഇരുവരും ഹാജരായത്. കേസില്‍ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗണ്ഡൂരിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കി 50,000 രൂപ കെട്ടിവച്ച്, രണ്ട് ആള്‍ജാമ്യക്കാരുമടക്കം ജാമ്യം നല്‍കാം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുതെന്നും ജാമ്യ വ്യവസ്ഥയിൽ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് സുകുമാരന്‍റെ കമ്പനിയുള്‍പ്പടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്.
Also read:കാന്താര പകര്‍പ്പവകാശ കേസ് : അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഋഷഭ് ഷെട്ടി
കാന്താര സിനിമയിലെ 'വരാഹരൂപം' എന്ന ഗാനത്തിന്‍റെ സംഗീതം തൈക്കുടം ബ്രിഡ്‌ജ് മ്യൂസിക് ബാൻഡ് ചിട്ടപ്പെടുത്തിയ 'നവരസം' എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം ലംഘിച്ചു എന്നായിരുന്നു ആരോപണം. വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്‌ജും 'നവരസം' ഗാനത്തിന്‍റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയും കോഴിക്കോട് ടൗണ്‍ പൊലീസില്‍ കാന്താര സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു.
'വരാഹരൂപം' ഉള്‍പ്പെട്ട 'കാന്താര' സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്‌തിരുന്നു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും എത്തിയിരുന്നു.