വിജയ് കിരഗണ്ഡൂർ, ഋഷഭ് ഷെട്ടി എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി കോഴിക്കോട് :കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ ചിത്രത്തിൻ്റെ നിർമ്മാതാവ് വിജയ് കിരഗണ്ഡൂർ സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർ പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവരും എത്തിയത്. 9 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി നോട്ടിസ് കൈപ്പറ്റിയ ഇരുവരുടെയും മൊഴി നാളെയാകും രേഖപ്പെടുത്തുക.
ഋഷഭ് ഷെട്ടിയും ചിത്രത്തിന്‍റെ നിര്‍മാതാവായ വിജയ് കിരഗണ്ഡൂരും ഇന്നും നാളെയും രാവിലെ പത്ത് മുതല്‍ ഒന്ന് വരെയുള്ള സമയത്തിനിടയ്‌ക്ക് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഇന്ന് 9 മണിയോടെ എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി കെഇ ബൈജു അറിയിച്ചു. ചോദ്യം ചെയ്യലിനുള്ള നോട്ടിസ് കൈപ്പറ്റിയ ശേഷം ഇരുവരും രാവിലെ 9:50 ഓടെ തന്നെ മടങ്ങി.
പകര്‍പ്പവകാശ ലംഘന കേസില്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കി 50,000 രൂപ കെട്ടിവെച്ച് ആള്‍ജാമ്യത്തില്‍ ഇരുവരെയും വിട്ടയക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്. പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസില്‍ ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുന്ന ‘കാന്താര’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞിരുന്നു.
കേസില്‍ പ്രതികളായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂർ സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് സിനിമയുടെ പ്രദര്‍ശനം ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബഞ്ച് തടഞ്ഞത്. കോഴിക്കോട് ടൗണ്‍ പൊലീസ് എടുത്ത കേസിലായിരുന്നു ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശം ലംഘിച്ചു എന്ന കേസില്‍ ‘നവരസം’ എന്ന ഗാനം ചിട്ടപ്പെടുത്തിയ മ്യൂസിക് ബാന്‍ഡ് തൈക്കൂടം ബ്രിഡ്‌ജും മാതൃഭൂമിയും നല്‍കിയ പരാതിയില്‍ ഇടക്കാല വിധിയോ അന്തിമ വിധിയോ വരുന്നതുവരെയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസം എന്ന ഗാനവുമായി വരാഹരൂപം ഗാനത്തിന് പ്രത്യക്ഷത്തില്‍ സാമ്യമുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് പ്രഥമ ദൃഷ്‌ട്യാ തന്നെ പറയാനാകും. ഈ അവസ്ഥയില്‍ വിശദമായ അന്വേഷണം അനിവാര്യമാണ്.
പകര്‍പ്പവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിന്‍റെ ലംഘനം പകര്‍പ്പവകാശ നിയമത്തിന്‍റെ വകുപ്പ് 63 പ്രകാരം ഗൗരവകരമായ കുഴപ്പമാണ്. ഇതിനാലാണ് ചിത്രം വിലക്കി പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി നോട്ടിസ് കൈപ്പറ്റിയത്.