കോഴിക്കോട്: ആവേശകരമായ കാളപ്പൂട്ട് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് പെരുമണ്ണയിലെ കാളപ്പൂട്ട് ആരാധകര്‍. വയലുകളും തണ്ണീര്‍ തടങ്ങളും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കാര്‍ഷിക സംസ്‌കാരത്തെ വിളിച്ചോതുന്നതാണ് പെരുമണ്ണയിലെ ഈ കാളപ്പൂട്ട്. നവംബര്‍ രണ്ടിനാണ് പെരുമണ്ണയിലെ മുല്ലമണ്ണ കണ്ടത്തിലെ കാളപ്പൂട്ട് മത്സരം.
കാളപ്പൂട്ട് മത്സരത്തിനൊരുങ്ങി മുല്ലമണ്ണ പൂട്ടുകണ്ടം; ഊര്‍ച്ചക്കെത്തിയത് 29 കാളകുട്ടന്മാര്‍; മത്സരം നവംബര്‍ 2ന് - Mullamanna fields
മത്സരത്തിന് മുന്നോടിയായി കാളകളെ പൂട്ടുപാടങ്ങളിലിറക്കി ഊര്‍ച്ചതൊളിക്കും. കണ്ടം പഴകാനും ചേറുണരാനും അതിലൂടെ മത്സരം സുഗമമാക്കാനും വേണ്ടിയാണ് ഊര്‍ച്ച നടത്തുന്നത്.
ഇതിന് മുന്നോടിയായി കണ്ടത്തില്‍ ഊര്‍ച്ച നടത്തി. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നായി 29 ജോഡി കന്നുകളാണ് ഇന്ന് (ഒക്‌ടോബര്‍ 27) മുല്ലമണ്ണ പൂട്ടുകണ്ടത്തില്‍ ഊര്‍ച്ചക്കെത്തിയത്. ചേറിലും ചളിയിലും കുതിച്ചോടുന്ന കാളകുട്ടന്മാരെ കാണാന്‍ നിരവധി പേരാണ് മുല്ലമണ്ണയിലെ പൂട്ടുപാടത്തിന്‍റെ വരമ്പിലെത്തിയത്.
പെരുമണ്ണ മുല്ലമണ്ണ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് കാളപ്പൂട്ട് മത്സരം നടത്തുന്നത്. കേരളീയരുടെ മനസിലെ കാര്‍ഷിക തനിമ ഒട്ടും ചോര്‍ന്നിട്ടില്ലെന്നതിന്‍റെ നേര്‍ സാക്ഷ്യമാണ് മുല്ലമണ്ണ പാടവരമ്പത്ത് ഉയരുന്ന ഈ കാളപ്പൂട്ടിന്‍റെ ആവേശം.