കോഴിക്കോട് : കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ കോഴിക്കോട് നഗരത്തില്‍ 'കാലന്‍' ഇറങ്ങി. കോഴിക്കോടിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പുതിയസ്റ്റാന്‍റിലാണ് 'കാലന്‍' ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കൊവിഡ് പ്രതിരോധ ബോധവത്കരണത്തിനായി കോട്ടൂളി യുവധാര ക്ലബ്ബാണ് 'കാലനെ' അവതരിപ്പിച്ചത്.
വേഷഭൂഷാധികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കാലനെത്തിയത്. മുഖത്ത് മാസ്‌ക്കും, കൈയില്‍ ഗ്ലൗസും, സാനിറ്റൈസറുമായാണ് 'കാലന്‍' കോഴിക്കോട് നഗരം ചുറ്റിയത്. വരവിന്‍റെ ഉദ്ദേശവും അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കൊവിഡിന്‍റെ രൂപത്തില്‍ യഥാര്‍ഥ 'കാലനായി' വരുമെന്നായിരുന്നു മുന്നറിയിപ്പ്.