കോഴിക്കോട്:കണ്ടാല്‍ കൊറോണ വൈറസിനെ പോലെ, കേരളത്തില്‍ അധികമാരും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു പുഷ്‌പമാണ് കദംബം. കടമ്പ് എന്നാണ് ഈ മരം പൊതുവെ അറിയപ്പെടുന്നത്. പുരാണങ്ങളില്‍ വിശിഷ്‌ട വൃക്ഷമായി കരുതുന്ന മഹാഭാരതത്തില്‍ കൃഷ്‌ണൻ ഓടക്കുഴലൂതുന്ന സുഗന്ധ വാഹിനിയായ കദംബം പുഷ്‌പിച്ച് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ... കോഴിക്കോട് ജില്ലയിലെ പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കദംബം പൂത്തുലഞ്ഞിരുന്നു.
കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്ന ഈ വൃക്ഷം വടക്കേ ഇന്ത്യക്കാരനാണ്. പൂക്കാട് സ്വദേശിയാണ് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കദംബത്തിന്‍റെ തൈ കൊണ്ടുവന്ന് നട്ടത്. കൊവിഡ് കാലത്ത് ആദ്യമായി പൂവിട്ട കദംബം ഇത്തവണ പൂത്തുലഞ്ഞു. മൊട്ടിട്ട് കഴിഞ്ഞാൽ ചെറിയ മഞ്ഞ പന്തിന്‍റെ ആകൃതിലാകും. ദിവസങ്ങൾക്കുള്ളിൽ വിടരാൻ തുടങ്ങും. ഇതിന്‍റെ പൂവിന് ടെന്നിസ് ബോളിന്‍റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും അറിയപ്പെടുന്നു.
കദംബ വൃക്ഷച്ചുവട്ടിലിരുന്ന് ഓടക്കുഴലൂതുന്ന കൃഷ്ണന്‍റെ ചിത്രം പ്രസിദ്ധമാണ്. കടമ്പിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദനത്തിനായി യമുനയിൽ ചാടിയതെന്നും പറയപ്പെടുന്നു. ഉത്തരേന്ത്യയിൽ കൃഷ്ണ ലീലയുമായി ബന്ധിതമാണ് കദംബമെങ്കിൽ ദക്ഷിണന്ത്യയിൽ പാർവതി വൃക്ഷമാണിത്. കദംബത്തിന്‍റെ ഇലയും തൊലിയും ഔഷധഗുണമുള്ളതാണെന്നും പറയപ്പെടുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും മുറിവ് ഉണക്കുന്നത്തിനും അപസ്മാര ചികിത്സക്കുമെല്ലാം ഇവ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിന്‍റെ പൂവ് ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ പൂജകൾക്ക് പ്രധാനമാണ്.