കോഴിക്കോട്:സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ നിന്നും മന്ത്രി കെ.ടി ജലീൽ കള്ളം പറഞ്ഞ് രക്ഷപ്പെടുകയാണെന്ന് ബിജെപി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശ പ്രതിനിധിയുമായി ജലീൽ സംസാരിച്ചതിൽ പ്രോട്ടോകോൾ ലംഘനം നടന്നതായും കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസിൽ കെ.ടി ജലീലിനെതിരെ ആരോപണമുന്നയിച്ച് കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. മന്ത്രി കെ.ടി ജലീൽ കള്ളം പറഞ്ഞ് രക്ഷപ്പെടുകയാണെന്ന് സമരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ളതിനാൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി കിഡ്‌സൺ കോർണറിലാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. കാർഗോ ഹാന്‍റ്ലിങ് വിഭാഗത്തെയും അന്വേഷണത്തിൽ ഉൾപ്പെടുത്തണം. ലോകത്തിനു മുമ്പിൽ കേരളം അപമാനിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് കള്ളക്കടത്തുകാരെ സഹായിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ. സജീവൻ സമരത്തിന്‍റെ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, കെ.പി. പ്രകാശ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്‍റ് ടി.ദേവദാസ് എന്നിവരും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.