കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങൾക്കിടെ പ്രതികരിച്ച് കെ.മുരളീധരന്‍ എംപി. ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാണെന്നും ചില സാങ്കേതിക കാരണങ്ങളാലാണ് പരിപാടി റദ്ദാക്കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി. ശശി തരൂരിനെ പാർട്ടി പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
'തരൂര്‍ കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവ്'; മാറ്റിനിര്‍ത്തികൊണ്ടുളള ഒരു രാഷ്‌ട്രീയം കേരളത്തിലുണ്ടാവില്ല: കെ മുരളീധരന്‍ - കോഴിക്കോട്
സംസ്ഥാന രാഷ്‌ട്രീയത്തിൽ ചുവടുറപ്പിക്കുന്നു എന്ന സൂചന നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങൾക്കിടെ തരൂര്‍ കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവെന്ന് വ്യക്തമാക്കി കെ.മുരളീധരന്‍ എംപി
അദ്ദേഹത്തിന്‍റെ ഏതൊരു പരിപാടിക്കും കോൺഗ്രസിന്‍റെ സാന്നിധ്യം ഉണ്ടാവും. കഴിവുള്ളവരുടെ കഴിവ് അംഗീകരിക്കണമെന്നും തരൂരിന്‍റെ കഴിവിനെ അംഗീകരിച്ചുകൊണ്ടേ പാർട്ടി മുന്നോട്ട് പോവുകയുള്ളു എന്നും മുരളീധരന്‍ വ്യക്തമാക്കി. അദ്ദേഹം പറയുന്നത് കോൺഗ്രസ് നയം തന്നെയാണെന്നും ശശി തരൂരിനെ മാറ്റി നിർത്തികൊണ്ടുള്ള രാഷ്‌ട്രീയം കേരളത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാന രാഷ്‌ട്രീയത്തിൽ ചുവടുറപ്പിക്കുന്നു എന്ന സൂചന നല്‍കിക്കൊണ്ട് ശശി തരൂര്‍ ഇന്ന് രാവിലെയാണ് തന്‍റെ ജില്ലാ പര്യടനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്ത് 9.30ന് പ്രശസ്‌ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി.വാസുദേവൻ നായരെ സന്ദർശിച്ച് പരിപാടികൾക്ക് തുടക്കമിട്ട തരൂര്‍ ഇന്നു മുതൽ നാല് ദിവസം കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായാണ് പര്യടനം നടത്തുന്നത്.