കോഴിക്കോട്:കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വിലക്കിന് പിന്നില്‍ ഗൂഢാലോചനയെന്ന് വ്യക്തമാക്കി കെ.മുരളീധരന്‍ എംപി. ഇതിന് പിന്നില്‍ ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്നും നടന്നത് എന്തെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഷാഫി പറമ്പില്‍ എംഎല്‍എക്ക് ഈ വിവാദത്തില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്‍റെ ജില്ലാ പര്യടനങ്ങള്‍ക്കുള്ള വിലക്ക്; പിന്നില്‍ ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്ന് കെ മുരളീധരന്‍ - കെ മുരളീധരന്‍
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ജില്ലാ പര്യടനങ്ങൾക്കുള്ള അപ്രഖ്യാപിത വിലക്കിന് പിന്നില്‍ ചില മുഖ്യമന്ത്രി സ്ഥാനമോഹികളെന്നും, ഗൂഢാലോചനയെന്നും വ്യക്തമാക്കി കെ മുരളീധരന്‍ എംപി
എന്താണ് സംഭവിച്ചത് എന്നറിയാനാണ് സാധാരണ അന്വേഷണം നടത്തുക. എന്നാല്‍ ഇതില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഡിസിസി പ്രസിഡന്‍റ് എന്നോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ടെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്നലെ സംഭവിച്ചതെന്നും അദ്ദേഹം അറിയിച്ചു. അത് ഭാവിയില്‍ ആവര്‍ത്തിക്കാതെ നോക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകളാണ് കോണ്‍ഗ്രസിന്‍റെ വാക്ക്. അത് അനുസരിച്ച് സുധാകരന്‍ പറഞ്ഞത് ആര്‍ക്കും വിലക്കില്ല എന്നാണെന്നും പാര്‍ട്ടി പരിപാടിയില്‍ ഏത് നേതാവിനേയും പങ്കെടുപ്പിക്കാം എന്നാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ക്ഷണിച്ച പരിപാടിയില്‍ നിന്നും പിന്മാറേണ്ടി വന്നത് ചില സമ്മര്‍ദങ്ങളുടെ ഫലമായിട്ടാണെന്നും കെ.മുരളീധരന്‍ ആവര്‍ത്തിച്ചു. ആ സമ്മര്‍ദം എന്താണെന്ന് തനിക്ക് അറിയാമെന്നും പൊതുതലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കിടയിലും ശശി തരൂര്‍ എംപിയുടെ മലബാറിലെ പര്യടനം ഇന്നും തുടരുകയാണ്. അന്തരിച്ച പ്രശസ്‌ത സാഹിത്യകാരന്‍ ടി.പി രാജീവന്‍റെ കോഴിക്കോട്ടെ വസതിയാണ് തരൂര്‍ ആദ്യം സന്ദര്‍ശിച്ചത്. പാണക്കാട് തങ്ങളുമായും മുസ്‌ലിംലീഗ് നേതാക്കളുമായും തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരിലെ വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കും. എന്നാല്‍ സ്വന്തം നാടായ കേരളത്തില്‍ സജീവമാകുന്നതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്നായിരുന്നു മലബാര്‍ പര്യടനത്തെ കുറിച്ചുളള തരൂരിന്‍റെ പ്രതികരണം.