'ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ'; കോഴിക്കോട് കെ മുരളീധരനെ അനുകൂലിച്ച് വ്യാപകമായി ബോർഡുകൾ കോഴിക്കോട്: കെ മുരളീധരനെ അനുകൂലിച്ച് വ്യാപകമായി ബോർഡുകൾ. ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കെ മുരളീധരനെ അനുകൂലിച്ച് 'കോൺഗ്രസ് പോരാളികൾ' എന്ന പേരിൽ വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചതായി കാണപ്പെട്ടത്. ഡിസിസി ഓഫീസിന് സമീപത്തും മാനാഞ്ചിറയിലും കല്ലായിലും കൂടാതെ നഗരത്തിന്‍റെ വിവിധ ശ്രദ്ധാകേന്ദ്രങ്ങളിൽ എല്ലാം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ എന്നാണ് ബോർഡിൽ പറയുന്ന വാചകം. അതേസമയം ബോർഡ് സ്ഥാപിച്ച വിഷയത്തില്‍ കെ മുരളീധരൻ പ്രതികരിച്ചിട്ടില്ല.
കോണ്‍ഗ്രസിനെതിരെ വിമര്‍ശനം:അതേസമയം, കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിന് മേല്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ മുരളീധരന് പുറമെ എം കെ രാഘവന് താക്കീതും നല്‍കിയിരുന്നു. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്‌താവനകള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയായിരുന്നു കത്ത് നല്‍കിയത്.
എന്നാല്‍, ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂവെന്നും എംകെ രാഘവന്‍ കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചരുന്നു. പരസ്യമായി പ്രതികരണം നടത്തിയതിന് എതിരെയാണ് എംകെ രാഘവനെ താക്കീത് ചെയ്‌തുള്ള കെപിസിസി പ്രസിഡന്‍റിന്‍റെ കത്ത്. എന്നാല്‍, തന്നെ ആരും തന്നെ താക്കീത് ചെയ്‌തില്ല എന്ന് രാഘവന്‍ പ്രതികരിച്ചു.
എംകെ രാഘവന്‍ പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പറഞ്ഞ് കെ മുരളീധരന്‍ എം കെ രാഘവന്‍റെ പരാമര്‍ശത്തെ പിന്തുണച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്‍റ് കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയത്. മുന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്‌താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുധാകരന്‍ മുരളീധരന് നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു.
എം കെ രാഘവന്‍റെ പരസ്യ വിമര്‍ശനം, പിന്തുണച്ച് മുരളീധരന്‍: കോണ്‍ഗ്രസിന് അകത്ത് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൂടിയാലോചന നടക്കുന്നില്ല എന്ന എം കെ രാഘവന്‍റെ പരാമര്‍ശത്തില്‍ അതൃപ്‌തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയെക്കുറിച്ച് എം കെ രാഘവന്‍ നടത്തിയ പരസ്യ വിമര്‍ശനം അനുചിതമാണെന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. എന്നാല്‍, ഇത്തരം വേദികള്‍ പാര്‍ട്ടി വേദികളിലായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
എം കെ രാഘവന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പാര്‍ട്ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയ പ്രസ്‌തവന നടത്തിയ എം കെ രാഘവനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടന്ന പി ശങ്കര്‍ അനുസ്‌മരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് എം കെ രാഘവന്‍റെ വിവാദ പ്രസംഗം.