കോഴിക്കോട്:2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സിനിമ താരം ജോയ് മാത്യുവിന്‍റെ ഫേസ് ബുക്ക് ശ്രദ്ധേയമായി. 94-ാം വയസിലും തനിക്ക് ശരിയെന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്‍റെ പേരാണ് ഗ്രോ വാസുവെന്ന് താരം ഫേസ് ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് താരം ഗ്രോ വാസുവിനെ കുറിച്ച് ഫേസ് ബുക്കില്‍ കുറിപ്പ് പങ്ക് വച്ചത്.
ഫേസ് ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ രൂപം: 'GROW എന്നാൽ വളരുക എന്നർത്ഥം. GROW വാസുവേട്ടൻ എന്ന് പറഞ്ഞാൽ ഇക്കാലത്ത് വളരുന്ന സമരവീര്യം എന്നാണർഥം.തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലിൽ പോകാൻ തയ്യാറായ യുവത്വത്തിന്‍റെ പേരാണിന്ന് ഗ്രോ വാസു. വാസുവേട്ടൻ എന്ന് ഞങ്ങൾ കോഴിക്കോട്ടുകാർ വിളിക്കുന്ന ഈ യുവാവ് ചെയ്‌ത തെറ്റ് എന്താണ്? നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ ഇടത് ഭരണകൂടം നാലുപേരെ കൊലപ്പെടുത്തിയവർക്കെതിരെ അന്വേഷണമോ കേസോ എടുക്കാത്തതിൽ (ഭരണ കക്ഷിയിലെ സിപിഐ സംഭവ സ്ഥലം സന്ദർശിച്ചതും അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന് കണ്ടെത്തിയതും മറ്റൊരു പ്രഹസനം) പ്രതിഷേധിച്ചതിനാണ് വാസുവേട്ടനെതിരെ പോലീസ് കേസെടുത്തത്. ഈ "അതിഭയങ്കരമായ "കുറ്റം ചെയ്‌തതിന് മാപ്പ് എഴുതിക്കൊടുക്കാനോ പതിനായിരം രൂപ പിഴയടക്കാനോ താൻ തയ്യാറല്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നുമായിരുന്നു അദ്ദേഹം കോടതിയില്‍ സ്വീകരിച്ച നിലപാട്. കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവയ്‌ക്കാനോ അദ്ദേഹം തയ്യാറായില്ല. ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്‍റെ നിലപാടിൽ ഉറച്ച് നിന്നു. അന്യായക്കോടതി അദ്ദേഹത്തെ പുതിയറ ജയിലിലേക്കയച്ചു. തൊണ്ണൂറ്റിനാലാം വയസിലും സമര തീഷ്‌ണ യൗവ്വനം നിലനിർത്തുന്ന വാസുവേട്ടന് ഐക്യദാർഢ്യം' -എന്നാണ് താരം ഫേസ് ബുക്കില്‍ കുറിച്ചത്.
ഗ്രോ വാസുവിന്‍റെ കേസും റിമാന്‍ഡും: നിലമ്പൂര്‍ കരുളായിയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്ക് സമീപം കൂട്ടം കൂടിയതിനും അതിലൂടെ മാര്‍ഗ തടസം സൃഷ്‌ടിച്ചതിനുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. 2016ലാണ് കരുളായിയില്‍ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്.