കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഷാജുവിനെയും അച്ഛൻ സക്കറിയയെയും അമ്മ ഫിലോമിനയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ ഇന്ന് അന്വേഷണ സംഘം ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ജോളിയെ ഷാജുവിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുക്കും - കൂടത്തായി കൊലപാതക പരമ്പര
കേസിൽ ഇന്ന് അന്വേഷണ സംഘം ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
റോയ് കൊലപാതക കേസിന്‍റെ അന്വേഷണ ഘട്ടത്തിൽ നടത്തിയ തെളിവെടുപ്പിൽ പൊന്നാമ്മറ്റത്തെ വീട്ടിൽ നിന്ന് സയനൈഡ് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ജോളിയുടെ കാർ പരിശോധിച്ചപ്പോഴും വിഷാംശ സാന്നിധ്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നടത്തുന്ന പരിശോധനയിലും ചോദ്യം ചെയ്യലിലും നിർണായക തെളിവ് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. സിലിയുടെ കൊലപാതകത്തിൽ ഷാജുവിനെയും സക്കറിയയെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. അതേ സമയം ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളോട് നാളെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാവാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. കൊലപാതക പരമ്പരക്ക് കട്ടപ്പനയിൽ നിന്ന് വല്ല സഹായവും ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനാണ് ബന്ധുക്കളോട് ഹാജരാവാൻ പൊലീസ് നിർദേശിച്ചത്.