കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്തി മറ്റൊരു വിവാഹത്തിന് പദ്ധതിയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാനായി രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പുതുതായി രൂപീകരിച്ച അന്വേഷണ സംഘത്തിന്‍റെ കൂട്ടായ ചോദ്യം ചെയ്യലില്‍ ജോളി മൊഴി നല്‍കി. വിവാഹം നടക്കാൻ ജോൺസന്‍റെ ഭാര്യയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളി മൊഴി നൽകി.
മൂന്നാം വിവാഹത്തിനായി ഷാജുവിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് ജോളി - koodathai latest
ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാനാണ് ഷാജുവിനെയും ജോൺസന്‍റെ ഭാര്യയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ജോളി മൊഴി നല്‍കി.
ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ് ജോൺസൺ. ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസനും മൊഴി നൽകിയിരുന്നു. അതിനിടെ ജോൺസനെ കാണാൻ ജോളി കോയമ്പത്തൂരിൽ പോയതിന്‍റെ വിശദാംശങ്ങളും ഫോൺ വിവരങ്ങളും ശേഖരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോസ്ഥൻ പറഞ്ഞു. വിരലില്‍ മുറിവില്ലെന്ന് ഉറപ്പ് വരുത്തി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തിലും പാനീയത്തിലും കലര്‍ത്താറുള്ളതെന്ന് തെളിവെടുപ്പിനിടെ ജോളി വിശദീകരിച്ചു. കേസിന്‍റെ വിശദാംശങ്ങൾ വിലയിരുത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്റ നേരിട്ട് എത്തിയതോടെ അന്വേഷണം ഏതൊക്കെ രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നതിലും വ്യക്തതയുണ്ടാകും.